വാഷിംഗ്ടൺ: ആഗോള സമാധാനം ലക്ഷ്യമിട്ട് ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ അന്താരാഷ്ട്ര സംഘടന പ്രഖ്യാപിച്ച് 24 മണിക്കൂറിനകം തന്നെ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലുണ്ടായ പ്രതിഷേധങ്ങൾ രൂക്ഷമായി അടിച്ചമർത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് സൈനിക നീക്കങ്ങൾ ശക്തമാക്കാനൊരുങ്ങുന്നത്.
അമേരിക്കൻ നാവികസേനയുടെ USS എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന കേരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് അടുത്ത ദിവസങ്ങളിൽ അറേബ്യൻ കടലിലേക്കോ പേർഷ്യൻ ഗൾഫിലേക്കോ എത്തുമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ആക്രമണ സബ്‌മറീനും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും ഇതിൽ ഉൾപ്പെടും.
അതുപോലെ F-15E സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യയിലെ ബേസുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 2024-ൽ ഇസ്രായേലിനെതിരായ ഇറാൻ ആക്രമണങ്ങൾക്ക് മറുപടിയായി വിന്യസിച്ച അതേ സ്ക്വാഡ്രണിലെ വിമാനങ്ങളാണിവ. ദീർഘദൂര ആക്രമണത്തിന് സഹായകമായി KC-135 എയർ റിഫ്യൂവലർ വിമാനങ്ങളും മേഖലയിൽ എത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ, THAAD, Patriot മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇസ്രായേൽ, ഖത്തർ തുടങ്ങിയ യുഎസ് സഖ്യരാജ്യങ്ങളിൽ അധികമായി വിന്യസിച്ചിട്ടുണ്ട്. അതേസമയം, കടുത്ത ഭീഷണികൾക്കൊപ്പം നയതന്ത്ര പിൻവാതിലുകളും തുറക്കുന്ന ട്രംപിന്റെ പതിവ് ശൈലിയാണ് ഇപ്പോഴും കാണുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചതിങ്ങനെ- ‘494-ാമത് എക്സ്പെഡിഷണറി ഫൈറ്റർ സ്ക്വാഡ്രണിൽ നിയോഗിക്കപ്പെട്ട ഒരു യുഎസ് വ്യോമസേനയുടെ F-15E സ്ട്രൈക്ക് ഈഗിൾ ജനുവരി 18-ന് മിഡിൽ ഈസ്റ്റിലെ ഒരു ബേസിൽ ഇറങ്ങുന്നു. F-15 ന്റെ സാന്നിധ്യം യുദ്ധസന്നദ്ധത വർദ്ധിപ്പിക്കുകയും പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു’.
അതേസമയം സൈനിക നിരീക്ഷകർ പറയുന്നത്, ആദ്യം പരിമിത ശിക്ഷാത്മക ആക്രമണം, തുടർന്ന് മിസൈൽ- ഡ്രോൺ സംവിധാനങ്ങൾ ലക്ഷ്യമിടുന്ന ഘട്ടം, ഒടുവിൽ ആണവ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം എന്നതാണ് യുഎസ് പ്രോട്ടോക്കോൾ. ഭരണകൂട മാറ്റം ലക്ഷ്യമിടുന്ന നടപടി വളരെ കുറച്ച് സാധ്യതയുള്ളതാണെന്നും അവർ പറയുന്നു.
ഹോർമുസ് കടലിടുക്ക്: ഇറാന്റെ ശക്തമായ ആയുധം
പ്രതിദിനം ഏകദേശം 2 കോടി ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാന്റെ ഏറ്റവും വലിയ സമ്മർദ്ദ ആയുധമാണ്. ഔദ്യോഗികമായി അടച്ചില്ലെങ്കിലും, ചെറിയ തടസങ്ങൾ പോലും ആഗോള എണ്ണവിലയിൽ വലിയ ചലനം സൃഷ്ടിക്കും. അതേസമയം അമേരിക്ക ഇറാനെ ആക്രമിച്ചാൽ, ഇസ്രായേൽ പ്രധാന ലക്ഷ്യമായി മാറും. Iron Dome, Arrow തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ മേഖലയിൽ നിർണായകമാകും. എന്നാൽ ഗാസയിലെ യുദ്ധം തുടരുന്നതിനാൽ, ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെടാൻ ഇസ്രായേൽ മടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
A U.S. Air Force F-15E Strike Eagle assigned to the 494th Expeditionary Fighter Squadron lands at a base in the Middle East, Jan. 18. The F-15’s presence enhances combat readiness and promotes regional security and stability. pic.twitter.com/QTXgOsOozV
— U.S. Central Command (@CENTCOM) January 20, 2026














































