തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. പത്താംക്ലാസ് വിദ്യാർഥികളായ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ ഗോകുൽ (15), ചാലുവിള വീട്ടിൽ നിഖിൽ(15) എന്നിവരാണ് മരിച്ചത്. കീഴാറ്റിങ്ങൽ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്തായിരുന്നു അപകടം. കല്ലൂർക്കോണം ഗവ. ഹൈസ്‌കൂൾ വിദ്യാർഥികളാണ് ഗോകുലും നിഖിലും.
വ്യാഴാഴ്ച വൈകിട്ട് ഇരുവരും കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും അപകടത്തിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു കൂട്ടുകാർ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















































