തിരുവനന്തപുരം: തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞ് കൊടുക്കുന്ന നടപടിയാണ് സംസ്ഥാനത്ത് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണത്. കേരളത്തിൽ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭം ഇതുകൊണ്ട് കുറിക്കും. ആർക്കാണ് ഇതുകൊണ്ട് ലാഭമുണ്ടാകുക കാണാം. ഞാൻ ഈ പറയുന്നത് കുറിച്ചുവെച്ചോയെന്നും സതീശൻ പറഞ്ഞു. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സംഘപരിവാർ പാതയാണ് സിപിഎം തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി സജി ചെറിയാനടക്കമുള്ള നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
താനുമായി താരതമ്യപ്പെടുത്തി ഏതെങ്കിലും കോൺഗ്രസ് നേതാക്കളെ സമുദായ നേതാക്കൾ പുകഴ്ത്തി പറയുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും കാരണം തന്നേക്കാൾ മികച്ച നേതാക്കൾ പാർട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നേതാക്കൾ പരിധിവിട്ട് സമുദായ നേതാക്കളെ ആശ്രയിച്ച കാലത്ത് താൻ അതിനെ എതിർത്തിട്ടുണ്ട്. അക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കളെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ ഇരിക്കാനെ പാടുള്ളൂ. കിടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അത് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ അവരുടെ മുന്നിൽ കിടക്കില്ല. ഇരിക്കുകയേ ഉള്ളൂ’ സതീശൻ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സതീശൻ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നെന്ന സുകുമാരൻ നായരുടെ പരാമശത്തോടും അദ്ദേഹം പ്രതികരിച്ചു. ‘ഞാൻ ഒരു പ്രാവശ്യമല്ല. പല പ്രാവശ്യം പോയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്റെ വസതിയിലും പോയിട്ടുണ്ട്. അതുപോലെ എല്ലാ സമുദായ നേതാക്കളെയും കാണാറുണ്ട്. അത്തരത്തിലുള്ള കൂടിക്കാഴ്ചകൾ നടത്തുന്നതിൽ എന്താണ് തെറ്റ്? കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭ്യർത്ഥിച്ചതനുസരിച്ചാണ് ഞാൻ പെരുന്നയിൽ പോയത്. അതിനെന്താണ് കുഴപ്പം. പ്രതിപക്ഷ നേതാവായതിന് ശേഷം ഞാനും കെ.സി.വേണുഗോപാലും സുകുമാരൻ നായരെ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോഴും സന്ദർശിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനുമായി ദീർഘനേരം സംസാരിച്ചിട്ടുണ്ട്, അതിലെന്താണ് കുഴപ്പം? വോട്ട് എന്ന് പറയുന്നത് അവരുടെ ആരുടേയും കൈയിൽ ഇരിക്കുന്നതാണോ..അത് ജനങ്ങൾ നൽകുന്നതല്ലേ ‘ സതീശൻ പറഞ്ഞു. താൻ ഒരു സമുദായത്തേയും തള്ളി പറഞ്ഞിട്ടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































