തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയ്ക്ക് മുന്നോടിയായി പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം. ജനങ്ങളെ നന്ദർശിക്കുമ്പോൾഅവർക്ക് പറയാനുള്ളതെല്ലാം വളരെ ക്ഷമയോടെ കേൾക്കണമെന്നും തർക്കിക്കരുതെന്നും കൃത്യമായ മറുപടി നൽകണമെന്നുമാണ് സിപിഎം കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശത്തിലുള്ളത്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ എന്ത് മറുപടിയാണ് നൽകേണ്ടതെന്ന നിർദേശവും നൽകുന്നുണ്ട്.
ചെറിയ സ്‌ക്വാഡുകളായി വീട് കയറുന്നതാകും ഉചിതം. വീട്ടുകാരുമായി പരിചയമുള്ളവർ സ്‌ക്വാഡിലുണ്ടാവണം. വീടിനകത്ത് കയറി ഇരുന്ന് സംസാരിക്കാൻ ശ്രമിക്കണം. ജനങ്ങളോട് സംയമനം പാലിച്ച് സംസാരിക്കണം. അവർക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം. തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കരുത്. എല്ലാം ക്ഷമാപൂർവം കേട്ട് മറുപടി നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ. ഇതിനൊപ്പം, ജനങ്ങൾ ചോദിക്കാൻ സാധ്യതയുള്ള ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്ത് മറുപടി നൽകണമെന്നത് സംബന്ധിച്ചും നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിന് പങ്കില്ലേ എന്ന് ചോദിച്ചാൽ, കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാൻ പാടില്ലെന്ന സമീപനമാണ് സർക്കാരിനുള്ളതെന്നാണ് മറുപടി നൽകേണ്ടത്. ഈ കേസ് ഹൈക്കോടതിയിൽവന്നപ്പോൾ തന്നെ കോടതി മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അന്വോഷണത്തിനായുള്ള ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് മുതൽ കേസിന്റെ പുരോഗതി വിലയിരുത്തുന്നതുവരെ എല്ലാം കൈകാര്യം ചെയ്യുന്നത് കോടതിയാണ്. സ്വർണം മോഷ്ടിച്ചയാൾ മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാർട്ടി നൽകിയ നിർദേശത്തിൽ പറയുന്നു. എന്തുകൊണ്ട് എ. പത്മകുമാറിനെതിരേ നടപടിയെടുത്തില്ല എന്ന് ചോദിച്ചാൽ പത്മകുമാറിനെതിരേ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് പറയണമെന്നും കുറിപ്പിലുണ്ട്.ൽ പരാമർശിക്കുന്നു. ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരായ വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്നും പാർട്ടിയുടെ കുറിപ്പിൽ പറയുന്നു.
ഈ കുറിപ്പിലെ എല്ലാകാര്യങ്ങളും എല്ലായിടത്തും പറയാനുള്ളതല്ല എന്ന പരാമർശത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. വർത്തമാനകാലത്ത് ഉയർന്നുവരാൻ സാധ്യതയുള്ള വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടാണ് ഇതിലുള്ളത്. ഇത് ഉൾക്കൊണ്ട് സാഹചര്യത്തിന് അനുസരിച്ച് ആവശ്യമുള്ളത് പ്രയോഗിക്കണമെന്നും കുറിപ്പിൽ പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സിപിഎമ്മിന്റെ ഗൃഹസന്ദർശനം പരിപാടി. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കേറ്റ കനത്ത ആഘാതം നിയമസഭ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളുടെ ഭാഗമായാണ് വീടുകൾ കയറിയിറങ്ങിയുള്ള പുതിയ പരിപാടി പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

















































