പുല്പള്ളി: അയൽവാസിയുടെ ആസിഡ് ആക്രമണത്തിൽ 14 കാരിക്ക് ഗുരുതര പൊള്ളലേറ്റു. പുല്പള്ളി മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിയും അയൽവാസിയുമായ വേട്ടറമ്മൽ രാജു ജോസി(53)നെ പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ മഹാലക്ഷ്മി. സംഭവ ദിവസം സ്‌കൂൾവിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. സ്റ്റുഡന്റ് പോലീസ് കെഡേറ്റായ മഹാലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ ആവശ്യപ്പെട്ട് വീട്ടിൽ വരുകയായിരുന്നു. കുട്ടി നൽകാൻ കൂട്ടാക്കാത്തതിൽ പ്രകോപിതനായാണ് രാജു ജോസ് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് മുഖത്തേക്കൊഴിക്കുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖത്ത് സാരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ കാഴ്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
















































