സൂറത്ത്: തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഭാര്യയെ രക്ഷിക്കുന്നതിനു പകരം വിഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിമൂന്നു വയസ്സുകാരനായ രഞ്ജിത്ത് സാഹയെയാണ് ക്രൂരത, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 4നാണ് പ്രതിമാദേവി എന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ യുവതിയുടെ മരണത്തിൽ ഭർത്താവിന് പങ്കുള്ളതായി യുവതിയുടെ സഹോദരൻ പൊലീസിനെ അറിയിച്ചു.
അന്വേഷണത്തിനിടെ രഞ്ജിത്ത് സാഹയുടെ ഫോണിൽ നിന്ന് യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനിടയിൽ യുവതിയോട് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ രഞ്ജിത്ത് പറഞ്ഞതായി പൊലീസ് പറഞ്ഞു.
തുടർന്ന് യുവതി വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ എടുത്തു ശരീരത്തില്‍ ഒഴിച്ചതിനു ശേഷം സ്വയം തീകൊളുത്തി. ഭാര്യയുടെ മരണത്തിൽ കുറ്റക്കാരനാകാതിരിക്കാൻ വേണ്ടിയാണ് വിഡിയോ ചിത്രകരിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞതായി പൊലീസ് അറിയിച്ചു.
















































