ഇവിടം സ്വർഗമാണ് എന്ന മോഹൻലാൽ ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാവും. ഭൂമാഫിയകളുടെ ഭീഷണിയെ തുടർന്ന് തന്റെ കൃഷിഭൂമിയിൽ ഈ സ്ഥലം വിൽപനയ്ക്കില്ല എന്ന ബോർഡ് സ്ഥാപിക്കേണ്ടി വരുന്ന കർഷകന്റെ ദുരിതമാണ് ആ ചിത്രത്തിന്റെ പ്രധാന വിഷയം. ഇപ്പോൾ ലോകത്ത് മറ്റൊരിടത്ത് അതേ സാഹചര്യം മറ്റൊരു രീതിയിൽ പുനരവതരിച്ചിരിക്കുകയാണ്. അവിടെ ഭൂമാഫിയക്കാരനായ ആലുവ ചാണ്ടിയുടെ സ്ഥാനത്ത് അമേരിക്കയും ഡോണാൾഡ് ട്രംപും നിൽക്കുമ്പോൾ മോഹൻലാൽ അവതരിപ്പിച്ച മാത്യൂസിന്റെ സ്ഥാനത്താണ് ഗ്രീൻലാന്റിലേയും ഡെന്മാർക്കിലേയും ജനത.
നമ്മളിൽ പലരും സ്ഥലം വാങ്ങുകയും വിൽക്കുകയും ഒക്കെ ചെയ്തിച്ചുള്ളവരാകും. എന്നാൽ ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ സ്ഥലം വാങ്ങുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ. ചൈനയും മറ്റു ചില രാജ്യങ്ങളും ഒക്കെ ചെയ്യുന്നതു പോലെ അതിർത്ഥി കൈയേറെ അവകാശമുന്നയിക്കുന്നത് പോലെയോ യുദ്ധം ചെയ്ത് കീഴ്പെടുത്തി സ്വന്തമാക്കുന്നത് പോലെയോ ഉള്ള പരിപാടിയല്ല. പണം കൊടുത്ത് വാങ്ങുന്നതിനെക്കുറിച്ചാണ് പറയുന്നത്.
അങ്ങനെ ഒരു സംഭവം 1867 ൽ നടന്നു, കേരളത്തിന്റെ 20 ഇരട്ടിയോളം വലുപ്പം വരുന്ന റഷ്യയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അലാസ്ക എന്ന പ്രദേശം അമേരിക്ക 72 ലക്ഷം ഡോളറിന് റഷ്യയുടെ കൈയിൽ നിന്നും വില കൊടുത്ത് വാങ്ങുകയായിരുന്നു. അന്ന് അതൊരു മണ്ടൻ തീരുമാനമാണ് എന്ന് പലരും കരുതിയിരുന്നു. കാരണം വർഷത്തിൽ ഭൂരിഭാഗവും സമയം മഞ്ഞു മൂടിക്കിടക്കുന്ന വാസയോഗ്യമല്ലാത്ത ആ പ്രദേശം അത്ര തുക കോടുത്ത് കൈവശപ്പെടുത്തിയിട്ട് എന്തു കാര്യം എന്ന് വിമർശനം ഉയർന്നു. എന്നാൽ ഇന്ന് നോക്കുമ്പോൾ ഏറ്റവും ബുദ്ധിപരമായ നീക്കമായിരുന്നു അത്. കാരണം അവിടുത്തെ പെട്രോളിയം ഉൽപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സമ്പത്ത് തന്നെ അതിനു കാരണം. അതേ ഒരു നീക്കമാണ് ഗ്രീൻ ലാന്റിനുമേൽ അമേരിക്ക നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അലാസ്കയുടെ നാലിരട്ടി വലിപ്പമുള്ള പ്രദേശമാണ് ഗ്രീൻലാന്റ്. മാത്രമല്ല ഗ്രീൻലാന്റ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമാണ്. കേരളവുമായി തട്ടിച്ചു നോക്കിയാൽ കേരളത്തിന്റെ 70 ഇരട്ടിയോളം വലിപ്പമുള്ള പ്രദേശമാണ്. വടക്കേ അമേരിക്കൻ ഭൂഘണ്ഡത്തിലാണ് കിടപ്പെങ്കിലും ഭരണപരമായി യൂറോേപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ ഭാഗമാണ് ഗ്രീൻലാന്റ്. അതുകൊണ്ട് തന്നെ ഈ ഭൂപ്രദേശം എക്കാലത്തും അമേരിക്ക സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. ട്രംപ് വന്നതിനു ശേഷമാണ് ഭീഷണിപ്പെടുത്തിയും കൈയൂക്ക് കാണിച്ചും ഗ്രീൻലാന്റിനെ അറ്റാച്ച് ചെയ്യാൻ ശ്രമം തുടങ്ങിയതെങ്കിലും സ്വന്തമാക്കാനുള്ള ശ്രങ്ങൾക്ക് യഥാർത്ഥത്തിൽ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
1867 ൽ അലാസ്ക അമേരിക്കയിൽ നിന്ന് പണം നൽകി വാങ്ങിയ സമയത്ത് തന്നെ അന്ന് അതിന് മുൻകൈയെടുത്ത സ്റ്റേറ്റ് സെക്രട്ടറി വില്യം സേവാർഡ് വലിയ ദ്വീപുകളായ ഗ്രീൻ ലാന്റും ഐസ് ലാന്റും ഡെന്മാർക്കിൽ നിന്നും വാങ്ങുവാൻ ആഗ്രഹിച്ചിരുന്നു. അതിനായി 55 ലക്ഷം ഡോളറിന് തുല്യമായ സ്വർണം വിലയായി നൽകാമെന്ന് ധാരണയിലെത്തിയെന്നും പറയപ്പെടുന്നുണ്ട്, എന്നാൽ അന്ന് അലാസ്ക വാങ്ങിയത് തന്നെ വൻ വിമർശനമുയർന്നതിനാൽ വാസയോഗ്യമല്ലാത്ത മറ്റ് ഭൂമികൾക്ക് കൂടി പണം മുടക്കാൻ അമേരിക്കൻ പാർലമെന്റ് അനുമതി നൽകാതെ പോവുകയായിരുന്നു, അന്ന് അനുമതി ലഭിച്ചിരുന്നുവെങ്കിൽ ഈ രണ്ട് പ്രദേശങ്ങളും അലാസ്കയ്ക്കൊപ്പം തന്നെ അമേരിക്കൻ ഭൂപടത്തിൽ സ്ഥാനമുറപ്പിക്കേണ്ടതായിരുന്നു.
പിന്നീട് അരനൂറ്റാണ്ടോളം വലിയ ശ്രമങ്ങൾ ഒന്നും തന്നെ ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ അലാസ്കയിൽ നിന്നുള്ള പ്രകൃതി സമ്പത്തിന്റെ മൂല്യം വിലയിടാനാവാത്തതാണെന്ന തിരിച്ചറിവിൽ ആദ്യകാലത്ത് വിമർശിച്ചിരുന്നവർ തന്നെ അലാസ്കയെ വാങ്ങിയ നടപടിയെ വലിയ നേട്ടമായി പറയാൻ തുടങ്ങിയതോടെ ഗ്രീൻലാന്റ് വിഷയം വീണ്ടും ചർച്ചകളിൽ ഉയർന്നു. 1910 കാലത്ത് ഗ്രീൻലാന്റ് സ്വന്തമാക്കി പകരം അമേരിക്കൻ കോളനിയായ ഫിലിപ്പീൻസിലെ ചില പ്രദേശങ്ങൾ ഡെൻമാർക്കിന് നൽകാമെന്നായിരുന്നു ഓഫർ വച്ചത്. എന്നാൽ ആ ചർച്ചകൾ അധികം മുന്നോട്ട് പോയില്ല. പിന്നീട് രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാനാണ് വീണ്ടും വില നൽകി ഗ്രീൻലാന്റ് സ്വന്തമാക്കാനുള്ള ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ചത്. അതിനിടെ 1918 ൽ ഐസ് ലാന്റ് സ്വതന്ത്ര രാജ്യമായി മാറിയതിനാൽ പിന്നെ ഗ്രീൻലാന്റ് മാത്രമായിരുന്നു ഡെന്മാർക്കിനു കീഴിലുണ്ടായിരുന്നത്. ട്രൂമാൻ 10 കോടി ഡോളറാണ് ഗ്രീൻലാന്റിന്റെ വിലയായി ഡെന്മാർക്കിന് ഓഫർ ചെയ്തത്. എന്നാൽ ഡെന്മാർക്ക് ഈ ഓഫർ നിരസിക്കുകയായിരുന്നു ചെയ്തത്. പിന്നീട് അമ്പതുകളിലും അറുപതുകളിലും ശീതയുദ്ധ സമയത്ത് അമേരിക്ക ഡെന്മാർക്കുമായി ചില കരാറുകൾ ഉണ്ടാക്കുകയും ഗ്രീൻലാന്റിൽ ഒരു സൈനിക ബേസ് ഓപറേറ്റ് ചെയ്യാനുള്ള അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് 2019 ൽ പ്രസിഡന്റായി ട്രംപ് വന്നതോടെ വീണ്ടും ആ പ്രദേശം കൈവശപ്പെടുത്താനുള്ള പ്രഖ്യാപനം നടത്തിയത്.
ആദ്യം പണം കൊടുത്തു വാങ്ങാനാണ് ശ്രമങ്ങൾ തുടങ്ങിയതെങ്കിലും ഗ്രീൻലാന്റിലെ പ്രാദേശിക ഭരണകൂടവും അവിടുത്തെ ജനങ്ങളും ഡെന്മാർക്കും ഇതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. പിന്നാലെ ഇതു സംബന്ധിച്ച തുടർ ചർച്ചകൾക്കായി ട്രംപ് തന്നെ നേരിട്ട് ഡെന്മാർക്ക് സന്ദർശിച്ചെങ്കിലും പ്രദേശം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചക്കുമില്ലെന്ന് ഡെന്മാർക്ക് അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. പിന്നീട് ട്രംപ് മാറി ബൈഡൻ വന്നതോടെ ഈ നീക്കങ്ങൾ നിലച്ചുവെങ്കിലും കഴിഞ്ഞ വർഷം ട്രംപ് വീണ്ടും പ്രസിഡന്റായതോടെ അമേരിക്ക വീണ്ടും ശക്തമായി തന്നെ ആവശ്യം മുന്നോട്ടു വക്കാൻ തുടങ്ങി.
ഡെന്മാർക്ക് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന് പ്രഖ്യാപിച്ചതോടെ ട്രംപ് സൈനികമായി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. 2026-ന്റെ തുടക്കത്തിൽ തന്നെ ഈ ആർട്ടിക് ദ്വീപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ ഭീഷണികളുടെയും യൂറോപ്പിന്റെ പ്രതിരോധത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു. ഗ്രീൻലാൻഡിന്റെ പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൻ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞു: “ആക്രമണ ഭീഷണികൾക്കും പിടിച്ചെടുക്കൽ ഫാന്റസികൾക്കും ഇടമില്ല. എന്തായാലും മതി. 85% ഗ്രീൻലാൻഡ് ജനത ഡെൻമാർക്കിനൊപ്പം നിൽക്കുന്നു.”
ഡെൻമാർക്കിന്റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ പറഞ്ഞത് ഇങ്ങനെയാണ്: “നാറ്റോ അംഗത്തിനെതിരെ ആക്രമണം നടത്തിയാൽ നാറ്റോ തന്നെ അവസാനിക്കും.” യൂറോപ്യൻ യൂണിയനും ശക്തമായി അപലപിച്ചു. ഇതിന്റെ പ്രതികരണമായി ഡെൻമാർക്ക് ഓപ്പറേഷൻ ആർട്ടിക് എൻഡ്യൂറൻസ് എന്ന പേരിൽ സൈനിക അഭ്യാസം ആരംഭിച്ചിട്ടുണ്ട്. 2026 ജനുവരി 14-15 തീയതികളിൽ തന്നെ നാറ്റോ രാജ്യങ്ങളായ സ്വീഡൻ, ഫ്രാൻസ്, ജർമനി, നോർവേ, നെതർലാൻഡ്സ്, യുകെ എന്നിവർ തങ്ങളുടെ സൈനികരെ ഗ്രീൻലാൻഡിലേക്ക് അയച്ചു കഴിഞ്ഞു.
ഇത് നാറ്റോയിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണ്. ഒരു അംഗരാജ്യം (അമേരിക്ക) മറ്റൊരു അംഗരാജ്യത്തിന്റെ (ഡെൻമാർക്ക്) പ്രദേശത്തിനെതിരെ ഭീഷണി മുഴക്കുമ്പോൾ നാറ്റോയുടെ അടിസ്ഥാന തത്വങ്ങൾ തകരുകയാണ്. ട്രംപ് പറയാറുണ്ട്: “അമേരിക്ക ഇല്ലാതെ നാറ്റോ ഉപയോഗശൂന്യം.” എന്നാൽ യൂറോപ്പ് ഇപ്പോൾ മനസ്സിലാക്കുന്നു – അമേരിക്കയെ ആശ്രയിച്ച് ഉറങ്ങരുത്. സ്വന്തം പ്രതിരോധം ശക്തിപ്പെടുത്തണം, ആയുധങ്ങൾ ഉണ്ടാക്കണം, എന്ന്.
ഇപ്പോൾ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. കഴിഞ്ഞ 200 വർഷമായി യൂറോപ്പ് പഠിപ്പിച്ചത് – രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുകളിൽ ഒന്നുമില്ല എന്നാണ്. എന്നാൽ ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ ഇപ്പോൾ വെനിസ്വേല എന്നിവിടങ്ങളിൽ അമേരിക്ക തന്നെ അത് തകർത്തു. ഒടുവിൽ ഇപ്പോൾ നാറ്റോ അംഗത്തോട് തന്നെ അതേ നിലപാട് എടുക്കുന്നു.
ഗ്രീൻലാൻഡ് രക്ഷപ്പെട്ടാൽ യൂറോപ്പിന്റെ സ്വാതന്ത്ര്യവും രക്ഷപ്പെടും. യൂറോപ്പ് ഇതുവരെ അമേരിക്കയെ ആശ്രയിച്ച് ഉറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഉണർന്നിരിക്കുന്നു. ചോദ്യം ഇതാണ്: ലോകം വീണ്ടും കോളനിവാഴ്ചയിലേക്കോ? അതോ സ്വാതന്ത്ര്യത്തിന്റെ പുതിയ പോരാട്ടത്തിലേക്കോ? ഒരുപക്ഷേ യൂറോപ്യൻ യൂണിയൻ ഒരുമിച്ച് ഗ്രീൻലാന്റ് വിഷയത്തിൽ അമേരിക്കക്കെതിരെ നിൽക്കാൻ തീരുമാനിച്ചാൽ നാറ്റോയിൽ നിന്നും അമേരിക്കയെ പുറത്താക്കാനും സാധ്യതകൾ ഉണ്ട്. ഒരുപക്ഷേ നാറ്റോ രാജ്യങ്ങൾ അമേരിക്കയ്ക്ക് പകരം മറ്റൊരു യൂറോപ്യൻ ശക്തിയായ റഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചാൽ നിലവിലെ ലോക ശാക്തിക സമവാക്യങ്ങൾ തന്നെ മാറി മറിയും. അതുകൊണ്ട് ഇറാനിലെ പ്രതിസന്ധിയേക്കാൾ അമേരിക്കയ്ക്ക് നിർണായകമാകാനിരിക്കുന്നത് ഗ്രീൻലാന്റിനുമേലുള്ള കടന്നു കയറ്റം ആണ്.


















































