വാഷിങ്ടൺ: ഇറാനോടുള്ള നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്താൻ കാരണം ഗൾഫ് സഖ്യകക്ഷികളുടെ സമ്മർദവും നെതന്യാഹുവിന്റെ ഇടപെടലുമാണെന്ന് റിപ്പോർട്ട്. ഇറാനിലാകെ പടർന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾക്കുനേരെ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിന് യുഎസ് ശക്തമായ മറുപടിയേകുമെന്ന മുന്നറിയിപ്പുകൾ ട്രംപ് പലതവണ നൽകിയിരുന്നു. അതിനു ശേഷമാണ് ട്രംപിന്റെ മനംമാറ്റം. നിലവിൽ ഇറാനെതിരായ സൈനിക നടപടി നീക്കം നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചു കഴിഞ്ഞതായാണ് വിവരം. ഇറാനിൽ സർക്കാരിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകാരികളോട് അത് തുടർന്നുകൊള്ളാനും സഹായം വരുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, വ്യാഴാഴ്ച പൊടുന്നനെയാണ് തന്റെ നിലപാടുകളിൽ മാറ്റംവരുത്തിയത്.
അറബ് സഖ്യകക്ഷികളിൽ നിന്നുള്ള നയതന്ത്രപരമായ സമ്മർദ്ദം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അപേക്ഷകൾ, യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വാഷിങ്ണിന്റെ നിലവിലെ സമീപനത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഏഷ്യയിലെ യുഎസ് പങ്കാളികളിൽ പലരും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ട്രംപ് ഭരണകൂടത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ അസ്ഥിരമായ പ്രദേശങ്ങളെ യുഎസിൻറെ സൈനിക ഇടപെടൽ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ആഗോള സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും ഈജിപ്റ്റ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സൈനിക നടപടി ഒഴിവാക്കാൻ യുഎസിനോട് അഭ്യർത്ഥിക്കുക മാത്രമല്ല, പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അറബ് നേതാക്കൾ അഭ്യർത്ഥിച്ചതായാണ് വിവരം.
ഇറാനെതിരായ യുഎസ് ആക്രമണങ്ങൾക്ക് തിടുക്കം കൂട്ടരുതെന്ന് ട്രംപിനോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭ്യർഥിച്ചതായി ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎസിന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇറാനെതിരായ ആക്രമണത്തിനായി സമ്മർദം ചെലുത്തില്ലെന്ന് നെതന്യാഹുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ചാനൽ 12യും റിപ്പോർട്ട് ചെയ്തു. ഇസ്രയേലും യുഎസും ദിവസേനയുള്ള കൂടിയാലോചനകൾ നടത്തിവരുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആറു ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് നെതന്യാഹുവുമായി സംസാരിച്ചത്.
ഇതുവരെയും ഇറാനെതിരെ പടയൊരുക്കം നടത്തിയിരുന്ന യുഎസ് അതിൽ നിന്നും എന്നന്നേക്കുമായി പിന്മാറിയെന്നു പറയാൻ കഴിയില്ലയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നത്. ഇപ്പോഴും യുഎസിന്റെ ഭാഗത്തുനിന്ന് ഒരാക്രമണത്തിനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ടെന്ന് വൈറ്റ് ഹൗസ് ഇപ്പോഴും പറയുന്നു. സൈനിക നടപടികൾക്കുള്ള സാധ്യത നിലനിൽക്കുമ്പോൾത്തന്നെ ഈ താൽക്കാലിക പിൻവാങ്ങലിനെയുഎസ് ഉദ്യോഗസ്ഥർ നയതന്ത്രപരമായ ഇടപെടലിനുള്ള ഒരു സാധ്യതയായും കണക്കാക്കുന്നുണ്ട്.
ട്രംപിന്റെ മനസിൽ എന്താണെന്ന് അറിയാൻ പ്രയാസമാണെന്ന് അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ‘പ്രസിഡന്റ് ട്രംപ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. തന്റെ ചിന്തകൾ വളരെ, ചെറിയ ഉപദേഷ്ടാക്കളുടെ സംഘവുമായി മാത്രമാണ് അദ്ദേഹം പങ്കുവെക്കുന്നത്’, ലീവിറ്റ് വ്യക്തമാക്കി. ഇറാനിലെ സാഹചര്യങ്ങൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.















































