തിരുവനന്തപുരം: ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നപ്പോൾ സിപിഎം നേതാക്കൾക്ക് എന്തൊരു സങ്കടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എത്ര സിപിഎം നേതാക്കൻമാർ ബിജെപിയിലേക്ക് പോയി. അപ്പോഴൊന്നും സങ്കടമില്ല. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോഴാണ് വിഷമമെന്നും വിഡി സതീശൻ പരിഹസിച്ചു.
ഐഷ പോറ്റി കോൺഗ്രസിലെത്തിയതു പ്രതിരോധിക്കാൻ എകെജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്. ഷാനിമോൾ ഉസ്മാൻ സിപിഎമ്മിൽ ചേരുമെന്ന് വാർത്ത കൊടുത്തു. തന്നെക്കുറിച്ച് ഒരു 10 കാർഡുകൾ എല്ലാ ദിവസവും ഇടുന്നുണ്ട്. ലോകംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് താനെന്നാണ് പ്രചരണം. അതിലൊന്നും ഒരു വിരോധവുമില്ല. അതുവഴി നല്ല പബ്ലിസിറ്റിയാണ് അവർ തനിക്കു നൽകുന്നത്. അവിടെയിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നയാളെ നമ്മൾക്കറിയാമെന്ന് പറഞ്ഞു. അപ്പോഴതാ ഉടൻ തന്നെ ഒരാൾ രംഗപ്രവേശം ചെയ്തു. കോഴി കട്ടവൻ തലയിൽ പപ്പുണ്ടോ എന്ന് തപ്പി നോക്കുന്ന പോലെ. അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞുകൊണ്ടെന്നും സതീശൻ പരിഹസിച്ചു.
എൽഡിഎഫിലും എൻഡിഎയിലുമുള്ള കക്ഷികൾ യുഡിഎഫിലേക്ക് വരുമെന്ന കാര്യം താൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഇത്തരത്തിൽ വ്യക്തികൾ, ഗ്രൂപ്പുകൾ, സോഷ്യൽ ഗ്രൂപ്പുകൾ, എൻഡിഎയിലും എൽഡിഎഫിലും ഉള്ള രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ യുഡിഎഫിലേക്ക് ഇനിയും വരുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

















































