തിരുവനന്തപുരം: കെ.എം. മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ എടുത്ത ഏറ്റവും നല്ല തീരുമാനമാണിതെന്നും വരാനിരിക്കുന്ന തലമുറ കെ.എം മാണിസാർ ആരായിരുന്നു എന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആ സ്ഥലം കിട്ടാൻ യുഡിഎഫും നിമിത്തമായതിൽ വലിയ സന്തോഷമുണ്ടെന്ന് പരിഹാസരൂപേണ സതീശൻ പറഞ്ഞു. അല്ലെങ്കിൽ 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നുവെന്നും വിഡി സതീശൻ ചോദിച്ചു.
മാണിസാറിനു വേണ്ടി ഇക്കാര്യം ഇടതുപക്ഷംതന്നെ ചെയ്യണം. കാരണം അദ്ദേഹത്തെ അങ്ങനെയെല്ലാം അപമാനിക്കാൻ ശ്രമിച്ച ആളുകളാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. നരകത്തീയിൽ വെന്തുമരിക്കണമെന്ന് മാണിസാർ ജീവിച്ചിരിക്കുമ്പോൾ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ. അങ്ങനെ നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ കെ.എം. മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ അതേ ആളുകൾത്തന്നെ സ്ഥലം അനുവദിച്ചതിലെ സന്തോഷം പങ്കുവെയ്ക്കുന്നെന്നും സതീശൻ പറഞ്ഞു.
അതുപോലെ സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അത് അനുവദിക്കില്ലെന്നും അങ്ങനെയുള്ളവർക്ക് പാർട്ടി താക്കീത് കൊടുക്കും വ്യക്തമാക്കി. ആവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്തുവിട്ട ഫെനി നൈനാന്റെ നടപടി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.
















































