നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലേക്കാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൊട്ടാരക്കര അസംബ്ലി മണ്ഡലം സിസിഎമ്മിന്റെ കൈയിലാണ്. അതിനുമുമ്പ് 1970 മുതൽ 2006 വരെ നീണ്ട 36 വർഷം മണ്ഡലം യുഡിഎഫിന്റെ കോട്ടയായിരുന്നു. അതിൽ തന്നെ ഏകദേശം 30 വർഷത്തോളം ആർ ബാലകൃഷ്ണപിള്ളയാണ് എംഎൽഎ ആയിരുന്നതും. ഒരർത്ഥത്തിൽ ബാലകൃഷ്ണപിള്ള തന്റെ കുടുംബസ്വത്ത് പോലെ കൈവശം വച്ചു കൊണ്ടു നടന്നിരുന്ന മണ്ഡലം.
എന്നാൽ 2006 ലെ എൽഡ എഫ് തരംഗത്തിൽ ആ കോട്ട ഇടതുപക്ഷം ഭേദിക്കുകയായിരുന്നു. കേരളമൊട്ടാകെ 98 സീറ്റുകൾ നേടി ഇടതു മുന്നണി മികച്ച വിജയം നേടിയപ്പോൾ കൊട്ടാരക്കരയിൽ താരതമ്യേന പുതുമുഖമായിരുന്ന സിപിഎം സ്ഥാനാർത്ഥി ഐഷപോറ്റി 12087 വോട്ടുകൾക്കാണ് യുഡിഎഫിലെ അതികായനായ ബാലകൃഷ്ണപിള്ളയെ വീഴ്ത്തിയത്. കൊട്ടാരക്കര മണ്ഡലത്തിൽ ഭൂരിപക്ഷത്തിന്റെ റെക്കോഡുകൾ സൃഷ്ടിച്ച ബാലകൃഷ്ണപിള്ളയുടെ അവസാന തെരഞ്ഞെടുപ്പ് അങ്കവുമായിരുന്നു അത്. പിന്നീട് 2011 ൽ അദ്ദേഹത്തെ ഇടമലയാർ കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് പിന്നീട് മത്സരിക്കുകയുണ്ടായില്ല.
എന്നാൽ 2006 ൽ താരതമ്യേന പുതുമുഖമായി വന്ന ഐഷാപോറ്റി പിന്നീട് മണ്ഡലത്തിൽ പ്രിയങ്കരിയാവുകയും കൊട്ടാരക്കര ഒരു ഉറച്ച എൽഡിഎഫ് കോട്ടയാവുന്നതുമാണ് പിന്നീടുള്ള വർഷങ്ങളിൽ കണ്ടത്. 2011 ൽ നടന്ന മത്സരത്തിൽ തന്റെ ഭൂരിപക്ഷം 20592 ആക്കി ഉയർത്തി. അന്ന് കേരളത്തിൽ എൽഡിഫ് മുന്നണി പരാജയപ്പെടുന്ന സമയത്താണ് ഐഷാ പോറ്റി തന്റെ ഭൂരിപക്ഷം ഒരു യുഡിഎഫ് അനുകൂല മണ്ഡലത്തിൽ ഇരട്ടിയാക്കിയത് എന്നോർക്കണം. തുടർന്ന് 2016 ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ഐഷാ പോറ്റി മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയും വിജയിച്ചത്. 42632 വോട്ടിന്റെ ഭൂരിപക്ഷം.
അന്ന് ഐഷാപോറ്റിയേക്കാൾ ഭൂരിപക്ഷം നേടിയ നാലു പേർ മാത്രമാണ് ആ അസംബ്ലിയിൽ ഉണ്ടായിരുന്നത്. തൊടുപുഴയിൽ പിജെ ജോസഫ് 46587 വോട്ടിന്റെ ഭൂരിപക്ഷവും മട്ടന്നൂരിൽ ഇ പി ജയരാജൻ 43381 വോട്ടിന്റേയും കല്യാശ്ശേരിയിൽ ടി വി രാജേഷ് 42891 വോട്ടിന്റേയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാൽ ഈ മൂന്ന് മണ്ഡലങ്ങളും പരമ്പരാഗതമായി തന്നെ അതാത് പാർട്ടികൾക്ക് കനത്ത ഭൂരിപക്ഷം നൽകിക്കൊണ്ടിരുന്ന മണ്ഡലങ്ങൾ തന്നെയായിരുന്നുവെങ്കിൽ ഐഷാ പോറ്റി പരമ്പരാഗതമായി എതിർചേരി വിജയിക്കുന്ന മണ്ഡലത്തിലാണ് ഈ കനത്ത ഭൂരിപക്ഷത്തിന് വിജയം നേടിയത്. അത്തവണ പിണറായി വിജയന് ധർമ്മടത്ത് 36905 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്.
ഇതേപോലെ എതിർ കോട്ടയിൽ സമാനമായ വിജയഗാഥ നേടിയ ഒരു സംഭവം ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് പറവൂരിൽ വി ഡി സതീശന്റെ തുടർച്ചയായ വിജയങ്ങൾ മാത്രമാണ്. 2021 ൽ സ്വാഭാവികമായും ഐഷാ പോറ്റി തന്നെ മത്സരിച്ച് ഒരുപക്ഷേ മന്ത്രി സഭയിൽ പോലും ഉൾപ്പെട്ടേക്കാമെന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ മുതിർന്ന നേതാക്കളാരും തന്നെ മത്സരിക്കേണ്ടതില്ലെന്നും നിലവിലെ മന്ത്രി സഭയിലെ താനൊഴികെ ആരും തന്നെ അടുത്ത മന്ത്രിസഭയിൽ ഉണ്ടാവേണ്ടെന്ന് തീരുമാനിച്ചതോടെ ഐഷാ പോറ്റിയെപോലെ പലരും മത്സരരംഗത്തു നിന്ന് തന്നെ പുറംതള്ളപ്പെടുകയായിരുന്നു. എന്നാൽ ഐഷാ പോറ്റിയെ മാറ്റി പകരം സിപിഎം മത്സരിപ്പിച്ച മുതിർന്ന സി പി എം നേതാവും മുൻ രാജ്യസഭാംഗവുമായ ബി ബാലഗോപാൽ കടുത്ത എൽ ഡി എഫ് തരംഗത്തിനിടയിലും താരതമ്യേന പ്രശസ്തയല്ലാത്ത കോൺഗ്രസ് സ്ഥാനാർത്ഥി ആർ രശ്മിയോട് കേവലം 10800 വോട്ടുകൾക്കാണ് കടന്നു കൂടിയത്, ആർ ബാലകൃഷ്ണപിള്ള സി പി എം പക്ഷത്ത് നിന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇതെന്ന് ആലോചിക്കണം.
2016 ൽ ഐഷാ പോറ്റി 83443 വോട്ടുകൾ നേടിയിരുന്നെങ്കിൽ ബാലകൃഷ്ണപിള്ള ഇടതു മുന്നണിയിലുണ്ടായിട്ടും ഇടതു തരംഗം കേരളമാകെ അലയടിച്ചിട്ടും ബാലഗോപാലിന് നേടാനായത് 68770 വോട്ടുകൾ മാത്രമായിരുന്നു. ഐഷാ പോറ്റി മുൻ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 14673 വോട്ടുകൾ കുറവ്. അതിനർത്ഥം കൊട്ടാരക്കരയിൽ സിപിഎം പാർട്ടി എന്ന നിലയിൽ നേടുന്നതിനേക്കാൾ ജനപിന്തുണ 15 വർഷത്തെ ജനപ്രതിനിധി എന്ന നിലയിൽ ഐഷാപോറ്റിയെന്ന വ്യക്തിക്ക് ഉണ്ട് എന്നത് തന്നെയാണ്.
ഈ കണക്കുകളാണ് യഥാർത്ഥത്തിൽ ഐഷാപോറ്റിയുടെ കോൺഗ്രസിലേക്കുള്ള വരവിനെ കൂടുതൽ പ്രസക്തമാക്കുന്നത്. വിഡി സതീശൻ മാറി നിന്നാൽ പറവൂർ മണ്ഡലം കോൺഗ്രസിന് എങ്ങനെ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടോ അതേ സാധ്യതകൾ തന്നെയാണ് ഐഷാ പോറ്റി കോൺഗ്രസിലേക്ക് വരുമ്പോൾ കൊട്ടാരക്കരയിൽ കോൺഗ്രസിന് അനുകൂലമായി സംഭവിക്കാൻ പോകുന്നതും. ഐഷാ പോറ്റി തന്നെ മത്സരിച്ചില്ലെങ്കിൽ പോലും അവർ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ വലിയ സാധ്യതകൾ ഉണ്ടെന്നതിനാൽ കൂടുതൽ റിസ്കുകളെടുക്കാതെ യുഡിഎഫ് അവരെ തന്നെ മത്സരരംഗത്തിറക്കാനും മണ്ഡലം രണ്ടു പതിറ്റാണ്ടിനുശേഷം തിരിച്ചു പിടിക്കാനുമായിരിക്കും ശ്രമിക്കുക. പ്രത്യേകിച്ചും പിണറായി വിജയൻ അവരെ ഒതുക്കാൻ ശ്രമിച്ചുവെന്ന് മണ്ഡലത്തിലെ വോട്ടർമാരിൽ വലിയൊരു പങ്ക് വിശ്വസിച്ചിരുന്നു എന്നതാണ് ബാലഗോപാലിന്റെ വോട്ടുകൾ ഇത്രയേറെ കുറയാനുള്ള ഒരു കാരണം. കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനകാര്യമന്ത്രി എന്ന നിലയിൽ വൻ പരാജയമായി മാറിയ ബാലഗോപാലിനെ തന്നെയാണ് മത്സരരംഗത്ത് സിപിഎം അണിനിരിത്തുന്നതെങ്കിൽ യുഡിഎഫ് സാധ്യതകൾ വലിയതോതിൽ കൂടുകയും ചെയ്യും.
ഇതുപോലെ പ്രാദേശികമായി സ്വാധീനമുള്ള നേതാക്കളുടെ ഒഴുക്ക് ഇനിയും യുഡിഎഫിലേക്ക് തുടരുകയാണെങ്കിൽ വരാനിരിക്കുന്ന അസംബ്ലിയിൽ വയനാട് നടന്ന കൺവെൻഷനിലെ കണക്കുകൂട്ടൽ പോലെ 100 എന്നത് വളരെ എളുപ്പത്തിൽ തന്നെ യു ഡി എഫിന് നേടിയെടുക്കാനാവുമെന്ന് തന്നെയാണ് പൊതുവെ കരുതപ്പെടുന്നതും.















































