തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ സ്വർണ്ണ വിലയ്ക്ക് അപ്രതീക്ഷിത ഇടിവ്. സംസ്ഥാനത്ത് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് 13,125 രൂപയാണ് ഇന്നത്തെ വില. പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയുമായി. ഇന്നലെ രണ്ട് തവണയായി പവന് 1,080 രൂപ വർധിച്ച് റെക്കോർഡ് തുകയായ 1,05,600 രൂപയിലെത്തിയിരുന്നു. എന്നാല്‍ രാജ്യാന്തര തലത്തിൽ റെക്കോർഡ് വില താഴ്ന്നതോടെയാണ് കേരളത്തിലും വില മാറിയത്. അതേസമയം, വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ചു. ഒരു ഗ്രാം വെള്ളിയ്ക്ക്നി ലവിൽ 295 രൂപയാണ് വില.
നിലവിലെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,19,000 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് 10 ശതമാനം പണിക്കൂലി കണക്കാക്കിയുള്ള വിലയാണിത്. പൊതുവേ സ്വർണാഭരണങ്ങൾക്ക് മൂന്ന് മുതല്‍ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. സ്വർണത്തിന്‍റെ വിലയും പണിക്കൂലിയും കൂടാതെ മൂന്ന് ശതമാനം ജിഎസ്‍ടിയും ബാധകമാണ്. ഹോൾമാര്‍ക്കിംഗ് ചാർജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്‍ടിയും ചേർത്ത് 53.5 രൂപയാണ് നൽകേണ്ടത്.
കഴിഞ്ഞ ദിവസം രാജ്യാന്തര സ്വർണ്ണ വിപണിയിൽ ഔൺസിന് 4,641.62 ഡോളറിലെത്തിയ വില ലാഭമെടുപ്പിനെ തുടർന്നാണ് ഇടിഞ്ഞത്. മൂന്ന് ദിവസത്തെ തുടർച്ചയായ കയറ്റത്തിന് ശേഷമാണ് ഈ വിലയിടിവ് എന്നതും ശ്രദ്ധേയം. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുലർത്തിയിരുന്ന നിലപാടിൽ മയംവന്നതും വില കുറവിന് കാരണമായി. ഒരിടയ്ക്ക് 4,582.91 ഡോളറിലേക്ക് താഴ്ന്ന സ്വർണമാണ് പിന്നീട് കുതിച്ചു കയറിയത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അയവില്ലാതെ തുടരുന്നതും സ്വർണത്തിന്റെ ഡിമാൻഡ് നിലനിർത്തി. രാജ്യാന്തര തലത്തിൽ ഇപ്പോൾ സ്വർണ വില ഔൺസിന് 4,593 ഡോളറെന്ന നിലയിലാണ് .
അതേസമയം 18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ രണ്ട് വിലയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 10,880 രൂപയിലാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനിൽ (കെജിഎസ്എംഎ) അംഗമായ ജ്വല്ലറികളിൽ 10,790 രൂപയാണ് വില.
















































