വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന എണ്ണയും സാമ്പത്തിക സഹായവും ഇനി മുതൽ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എണ്ണ വേണമെങ്കിൽ കാര്യങ്ങൾ വളരെ വൈകുന്നതിന് മുമ്പ് യുഎസുമായി കരാറിലേർപ്പെടണമെന്ന അന്ത്യശാസനവും ക്യൂബയ്ക്ക് നൽകി.
അതുപോലെ കഴിഞ്ഞ കുറേ വർഷങ്ങളായി വെനസ്വേല നൽകി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നിരുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇതിന് പകരമായി വെനസ്വേലൻ സ്വേച്ഛാധിപതികൾക്ക് ക്യൂബ സുരക്ഷാ സേവനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇനി മുതൽ ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയിൽ നിന്ന് ക്യൂബയിലേക്ക് പോകില്ലെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
വെനസ്വേലയെ സംരക്ഷിക്കാൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ അമേരിക്ക ഉണ്ട്, അതിനാൽ ക്യൂബൻ സുരക്ഷാ സേനയുടെ ആവശ്യം അവർക്കില്ലെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന യുഎസ് ആക്രമണത്തിൽ വെനസ്വേലയിലുണ്ടായിരുന്ന മിക്ക ക്യൂബൻ സൈനികരും കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ക്യൂബ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. രാജ്യം തകർച്ചയുടെ വക്കിലാണ്- യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടു. മഡൂറോ സർക്കാരിനെ താങ്ങിനിർത്തുന്നത് ക്യൂബയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ക്യൂബ തനിയെ തകരാൻ സാധ്യതയുള്ളതിനാൽ നിലവിൽ സൈനിക നടപടിയുടെ ആവശ്യം താൻ കാണുന്നില്ലെന്ന് ട്രംപ് സൂചിപ്പിച്ചു.മാർക്കോ റൂബിയോയെ ക്യൂബയുടെ പ്രസിഡന്റാക്കണമെന്ന സോഷ്യൽ മീഡിയ നിർദ്ദേശത്തോട് ‘അത് നല്ല കാര്യമായി തോന്നുന്നു’ എന്നാണ് ട്രംപ് പ്രതികരിച്ചത്. ക്യൂബൻ സിഗാർ, ക്യൂബയിൽ നിന്നുള്ള കുടിയേറ്റം തുടങ്ങിയ വിഷയങ്ങളും ട്രംപ് തന്റെ പോസ്റ്റുകളിൽ പരാമർശിച്ചിട്ടുണ്ട്.
ഇതിനിടെ വെനിസ്വേലയിൽ യുഎസ് നടത്തിയ റെയ്ഡും നിക്കോളാസ് മഡൂറോയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ലാറ്റിനമേരിക്കയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്,. ഈ സാഹചര്യത്തിലാണ് ക്യൂബയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ട്രംപ് രംഗത്തെത്തിയത്.















































