ഇൻഡോർ: ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. മകളു ജനിച്ച ശേഷം 10 വർഷം കാത്തിരുന്നു ലഭിച്ച കുഞ്ഞ് നഷ്ടമായ വേദനയാണ് ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികൾ. കുഞ്ഞിന് മുലപ്പാൽ നൽകാൻ അമ്മയ്ക്ക് കഴിയാതിരുന്നതോടെയാണ് ഡോക്ടർ കുപ്പിപ്പാൽ നൽകാൻ പറഞ്ഞത്. ഇതിനായി കടയിൽനിന്നും വാങ്ങിയ ഫോർമുല മിൽക്കിൽ പൈപ്പ് വെള്ളം കലർത്തി നൽകി.
ഇതോടെ അഞ്ചര മാസം പ്രായമുള്ള അവ്യാൻ സാഹുവിന് പനിയും വയറിളക്കവും ബാധിച്ച് മരിക്കുകയായിരുന്നു. പാൽ കൊടുത്ത ശേഷം 2 ദിവസം മുൻപ് കുഞ്ഞിനു അസുഖം പിടികൂടുകയായിരുന്നു. തുടർന്ന് കുടുംബം കുഞ്ഞിന് ചികിത്സ നൽകിയിരുന്നു. എങ്കിലും തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞു മരിച്ചു.
സ്വകാര്യ കൊറിയൻ കമ്പനിയിൽ ജോലി ചെയ്യുന്ന സുനിൽ സാഹുവിന്റെയും ഭാര്യയുടെയും മകനാണ് അവ്യാൻ. ദമ്പതികൾക്ക് 10 വയസ്സുള്ള കിൻജൽ എന്ന മകളുണ്ട്. “വെള്ളം മലിനമാണെന്ന് ആരും അറിയിച്ചില്ല. ഞങ്ങൾ വെള്ളം ഫിൽട്ടർ ചെയ്തു. പ്രദേശത്തുടനീളം അതേ വെള്ളമാണ് ഒഴുകിയത്. മുന്നറിയിപ്പോ വിവരമോ ഒന്നുമുണ്ടായില്ല,” സുനിൽ സാഹു മാധ്യമങ്ങളോട് പറഞ്ഞു.
ലബോറട്ടറി പരിശോധനയിൽ കുടിവെള്ള മലിനീകരണമാണ് പകർച്ചയ്ക്ക് കാരണമെന്ന് സ്ഥിരീകരിച്ചു. ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (CMHO) ഡോ. മാധവ് പ്രസാദ് ഹസാനി അറിയിച്ചു. ഭഗീരഥ്പുരയിലെ പ്രധാന കുടിവെള്ള പൈപ്പ്‌ലൈനിലെ ചോർച്ച മൂലമാണ് വെള്ളം മലിനമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഔട്ട്‌പോസ്റ്റിന് സമീപം ശൗചാലയം നിർമിച്ചിരിക്കുന്ന സ്ഥലത്താണ് ചോർച്ച കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം വ്യാഴാഴ്ച ഭഗീരഥ്പുരയിലെ 1,714 വീടുകളിൽ നടത്തിയ സർവേയിൽ 8,571 പേരെ പരിശോധിച്ചു. ഇതിൽ 338 പേർക്ക് ശർദിയും വയറിളക്കവും ഉണ്ടായതായി കണ്ടെത്തി. എട്ട് ദിവസത്തിനിടെ 272 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിൽ 71 പേർ ഡിസ്ചാർജ് ചെയ്തതായും നിലവിൽ 201 പേർ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 32 പേർ ഐസിയുവിലാണ്.



















































