കഴിഞ്ഞ പത്തു വർഷമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയും അമിത്ഷായും ചേർന്ന് നടത്തിയ ബിജെപിയുടെ രാഷ്ട്രീയ അശ്വമേധത്തിന് പ്രതിപക്ഷ കക്ഷികൾ ചെറുതായെങ്കിലും കടിഞ്ഞാണിട്ട വർഷമായിരുന്നു 2024. ലോക്സഭ തെരഞ്ഞെടുപ്പിൽ നാനൂറിലധികം സീറ്റുകളെന്ന ലക്ഷ്യവുമായി മത്സരത്തിനിറങ്ങിയ ബിജെപി ക്ക് ഒറ്റക്കുണ്ടായിരുന്ന കേവല ഭൂരിപക്ഷം പോലും നഷ്ടപ്പെടുകയും കോൺഗ്രസ് ഏറെക്കാലങ്ങൾക്കു ശേഷം ലോക്സഭയിൽ 100 തികയ്ക്കുകയും ചെയ്തത് പ്രതിപക്ഷ നിരയിൽ വലിയ ആവേശമുയർത്തിയതുമാണ്. എന്നാൽ 2025 അവസാനിക്കുമ്പോൾ മോദിയും സംഘവും തങ്ങൾ നേരിട്ട തിരിച്ചടികളിൽ നിന്നും കരകയറി വരുന്ന കാഴ്ചയാണ് കാണുന്നത്.
നമുക്ക് ഈ വർഷം നടന്ന പ്രധാന തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.
ഈ വർഷത്തെ പ്രധാന തെരഞ്ഞെടുപ്പുകളിലൊന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പായിരുന്നു. കാലാവധിയെത്തും മുമ്പേ ദുരൂഹമായ സാഹചര്യത്തിൽ ജഗദീപ് ധൻകർ രാജി വച്ചതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപിയുടെ തമിഴ്നാട്ടിൽ നിന്നുള്ള സിപി രാധാകൃഷ്ണനാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. എൻഡിഎ വോട്ടിൽ പിളർപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആന്ധ്രയിൽ നിന്നുള്ള സുദർശൻ റെഡ്ഡിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി ഒരു ശ്രമം നടത്തി നോക്കിയെങ്കിലും വോട്ട് ചോർച്ച ഉണ്ടായത് ഇന്ത്യാ മുന്നണിയിൽ നിന്നു തന്നെ ആയിരുന്നു.
അടുത്തതായി രാജ്യസഭയിലെ 14 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി മുന്നണിക്ക് 3 സീറ്റിന്റെ നേട്ടമാണ് ഉണ്ടായത്. കോൺഗ്രസിനും ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസിനും തമിഴ്നാട്ടിൽ നിന്നുള്ള എംഡിഎംകെക്കുമാണ് നഷ്ടമുണ്ടായത്. അതിൽ കോൺഗ്രസിന്റെ നഷ്ടം കേരളത്തിൽ ലോക്സഭയിലേക്ക് മത്സരിക്കാനായി കെസി വേണുഗോപാൽ മത്സരിച്ച രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ സീറ്റായിരുന്നു. ആ സീറ്റ് ബിജെപി നേടി.
അടുത്തതായി രണ്ട് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ആണ്. ഡൽഹിയിലും ബിഹാറിലുമാണ് തെരഞ്ഞെടുപ്പുകൾ നടന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ബിഹാറിൽ എൻഡിഎയുമാണ് ഭരിച്ചിരുന്നത്. 2025 ഫെബ്രുവരി മാസത്തിൽ നടന്ന ഡൽഹി തെരഞ്ഞെടുപ്പിൽ 10 വർഷം നീണ്ട ആം ആദ്മി പാർട്ടി ഭരണം അവസാനിപ്പിച്ച് ബിജെപി സർക്കർ രൂപീകരിച്ചു. ആകെയുള്ള 70 സീറ്റിൽ ബിജെപി സഖ്യം 48 സീറ്റുകൾ നേടിയപ്പോൾ ആം ആദ്മി പാർട്ടി 22 ലേക്ക് ഒതുങ്ങി. 70 സീറ്റിലും മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനുമായില്ല. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ ആം ആദ്മിയുടെ പ്രധാന സ്ഥാനാർത്ഥികളെല്ലാം പരാജയം ഏറ്റുവാങ്ങി. രേഖ ഗുപ്ത രാജ്യതലസ്ഥാന ഭരണപ്രദേശത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും അതിഷി മർലേനയ്ക്കും ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നവംബറിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പാണ്. പ്രതിപക്ഷം ഏറെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. നീണ്ട 20 വർഷത്തെ നിതീഷ് കുമാറിന്റെ ഭരണത്തിനോടുള്ള എതിർപ്പ് ഇന്ത്യാ മുന്നണിക്ക് നേട്ടമാകുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. നിലവിലെ നിയമസഭയിൽ ചെറിയ ഭൂരിപക്ഷം മാത്രമേ എൻഡിഎക്ക് ഉണ്ടായിരുന്നുള്ളൂ. അതിനൊക്ക പുറമേ രാഹുൽ ഗാന്ധി രാജ്യവ്യാപകമായി ഉയർത്തിയ വോട്ട് ചോരി ആരോപണവും കോൺഗ്രസ് സഖ്യത്തിന് ഗുണകരമാവുമെന്ന പൊതു ധാരണ ഉണ്ടായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസിനും സഖ്യകക്ഷിയായ ആർജെഡിക്കും സംഭവിച്ചത്.
നരേന്ദ്രമോദിയും അമിത് ഷായും നേരിട്ട് നയിച്ച പ്രചരണത്തിനൊടുവിൽ ആകെയുള്ള 243 ൽ 202 സീറ്റുകളും എൻഡ എ നേടുകയായിരുന്നു. കോൺഗ്രസ് കേവലം 6 സീറ്റിലേക്കാണ് കൂപ്പുകുത്തിയത്. ഈ തെരഞ്ഞെടുപ്പോടെ 2024 ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട താൽക്കാലിക തിരിച്ചടിയെ ബിജെപി മറികടന്നു എന്നു തന്നെ പറയാം. ഇതോടൊപ്പം പല സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പികളിലും ബിജെപി നേട്ടമുണ്ടാക്കി.
ഇനി പറയാനുള്ളത് വിവിധ തെരഞ്ഞെടുപ്പുകളിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ്. അരുണാചൽ പ്രദേശ് ആസാം ഗുജറാത്ത് ഹരിയാന ഉത്തരാഘണ്ട് എന്നി സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി തങ്ങളുടെ ഭരണം നിലനിർത്തിയപ്പോൾ ഛത്തീസ്ഗഡിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.
എന്നാൽ മിസോറാമിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് തോൽവി നേരിട്ടു. അവിടെ ബിജെപിയിൽ നിന്നും മിസോ നാഷണൽ ഫ്രണ്ട് അധികാരം പിടിച്ചെടുത്തു. ഒടുവിലായി കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി വിജയം നേടിയതും ഇതോടൊപ്പം ചേർത്തു വെക്കേണ്ടതാണ്.
ബിഹാർ നിയമസഭ മാറ്റി നിർത്തിയാൽ വലിയ തെരഞ്ഞെടുപ്പുകളൊന്നും നടക്കാത്ത വർഷമായിരുന്നു 2025 എങ്കിലും നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി കൂടുതൽ ശക്തയാർജിക്കുന്ന കാഴ്ചയാണ് കണ്ടത്. അടുത്ത വർഷം മാർച്ചിൽ കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതിൽ ആസാമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുചേരിയിലും മാത്രമാണ് ബിജെപി ഭരണമുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും അവർ താരതമ്യേന വളരെ ദുർബലരുമാണ്. പശ്ചിമ ബംഗാളിൽ പക്ഷേ ബിജെപിക്ക് വലിയ പ്രതീക്ഷകളുണ്ട്. എന്തായാലും ആ തെരഞ്ഞെടുപ്പുകളിലേക്കുള്ള ഊർജം 2025 ലെ മികച്ച പ്രകടനത്തിൽ നിന്നും ബിജെപിക്ക് ലഭിക്കാനാണ് സാധ്യത. കോൺഗ്രസിനെയും സിപിഎമ്മിനേയും സംബന്ധിച്ചിടത്തോളം കേരളത്തിലെ ഭരണം പിടിക്കൽ നിലനിൽപിന്റെ തന്നെ പ്രശ്നവുമാണ്. എന്തായാലും പുതുവർഷത്തിൽ പുതിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കായി കാത്തിരിക്കാം.



















































