തിരുവനന്തപുരം: നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയാകെ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്. മലയാളിയുടെ ഏത് ഭാവത്തേയും ഒട്ടും നാടകീയതകളില്ലാതെ വെള്ളിത്തിരയിലെത്തിച്ച ബുദ്ധിമാനായ സിനിമാക്കാരനാണ് വിടവാങ്ങിയത്.
ദീർഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നലെ രാവിലെ 8.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്ന് കണ്ടനാട്ടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ പ്രിയപ്പെട്ടവനെ കാണാൻ എത്തിച്ചേർന്നത് നിരവധിപ്പേരാണ്.

















































