ലഖ്നൗ: ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത മൂടൽ മഞ്ഞിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 25 ഓളം പേർക്ക് പരുക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബസുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു.
മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി വളരെ കുറവായിരുന്നു. ഇതേത്തുടർന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.
ഏഴു ബസുകളും മൂന്ന് കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനു പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. “സംഭവം അറിഞ്ഞയുടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രാദേശിക ഭരണകൂടവും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഭാഗമായി. നിലവിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 25 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ സർക്കാർ വാഹനങ്ങളിൽ വീടുകളിലെത്തിച്ചു”, മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം തീ കത്തിപ്പടരുന്നതിനിടെ സഹായത്തിനായി യാത്രക്കാർ നിലവിളിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ഒന്നിനു പിറകെ ഒന്നായി വാഹനങ്ങൾ കത്തുകയായിരുന്നു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം എക്സ്പ്രസ് വേയിൽ ഗതാഗതം തടസപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















































