ഡമാസ്‌കസ്/വാഷിങ്ടൺ: ഐഎസ് ആക്രമണത്തിൽ സിറിയയിൽ രണ്ട് സൈനികരടക്കം മൂന്ന് യുഎസ് പൗരർ കൊല്ലപ്പെട്ടതിന് പിന്നാലെ ഐഎസിന് കനത്ത തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് യുഎസിനെതിരേയും സിറിയക്കെതിരേയുമുള്ള ഐഎസ് ആക്രമണമാണെന്നും ഇതിനുള്ള തിരിച്ചടി കനത്തതായിരിക്കുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
കഴിഞ്ഞദിവസം യുഎസിന്റെ IOWA നാഷണൽ ഗാർഡ് അംഗങ്ങളായ രണ്ടുപേരാണ് സിറിയയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയുംചെയ്തു. സിറിയൻ സൈനികർക്കും ആക്രമണത്തിൽ പരുക്കുണ്ട്. തോക്കുധാരിയായ ഐഎസ് അംഗമാണ് സൈനികർക്ക് നേരേ ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. അക്രമിയെ ഏറ്റുമുട്ടലിൽ വധിച്ചതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു.
അതേസമയം സിറിയയുടെ ഏറെ അപകടംനിറഞ്ഞ ഒരു മേഖലയിൽ നടന്ന സംഭവമാണ്. അത് അവരുടെ പൂർണനിയന്ത്രണത്തിലല്ല. കഴിഞ്ഞ സംഭവങ്ങളിൽ സിറിയൻ പ്രസിഡന്റ് അഹമദ് അൽ-ഷാറായും തകർന്നിരിക്കുകയാണ്. ഈ ആക്രമണത്തിൽ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനാണ്. സിറിയ യുഎസ് സൈനികർക്കൊപ്പം ഒരുമിച്ചുനിന്ന് പോരാടുമെന്ന് സിറിയൻ പ്രസിഡന്റ് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

















































