ദുബായ്: അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ തന്നെ എതിരാളികളായ യുഎഇയെ നിലംതൊടീക്കാതെ പറപ്പിച്ച് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ വൈഭവ് സെഞ്ചുറി നേടി. 56 പന്തിൽ നിന്നാണ് സെഞ്ചുറിനേട്ടം. പിന്നാലെ 95 ബോളിൽ 14 സിക്സും 9 ഫോറുമടക്കം 171 റൺസെടുത്ത് താരം പുറത്തായി. ഉദ്ദിഷ് സൂരിക്കാണ് വൈഭവിന്റെ വിക്കറ്റ്. ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 36.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 282 എന്ന നിലയിലാണ്.
മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യയ്ക്ക് നായകൻ ആയുഷ് മാത്രയെ നഷ്ടമായി. നാലു റൺസ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച വൈഭവ് സൂര്യവംശിയും ആരോൺ ജോർജും ഇന്ത്യയെ കരകയറ്റി. പതിയെ തുടങ്ങിയ വൈഭവ് പിന്നീടങ്ങോട്ട് ആളിക്കത്തി. അതോടെ ടീം സ്‌കോർ കുതിച്ചു. ഒമ്പതാം ഓവറിലാണ് ടീം അമ്പത് കടക്കുന്നത്. അതിന് ശേഷം വൈഭവ് യുഎഇ ബൗളർമാരെ ആക്രമിച്ചുകളിച്ചു.
11 ഓവർ അവസാനിക്കുമ്പോൾ 24 പന്തിൽ 35 റൺസെന്ന നിലയിലായിരുന്നു വൈഭവ്. അടുത്ത രണ്ട് ഓവറുകളിൽ അടിച്ചുകളിച്ച താരം 13-ാം ഓവറിൽ അർധസെഞ്ചുറി തികച്ചു. 30 പന്തിൽ നിന്നാണ് അർധസെഞ്ചുറി നേട്ടം. വൈഭവ് ട്രാക്ക് മാറ്റിയതോടെ സിക്‌സറുകൾ പറപറന്നു. 16-ാം ഓവറിൽ മൂന്ന് സിക്‌സറുകളാണ് താരം നേടിയത്. പിന്നാലെ 56 പന്തിൽ നിന്ന് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 69 റൺസെടുത്ത ആരോണിന്റെ വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

















































