മുംബൈ: കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നു രാവിലെ 6:30 ഓടെ ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിൽ രാജ്യത്തെ പ്രമുഖ പദവികളെല്ലാം വഹിച്ചിട്ടുള്ള നേതാവാണ് ശിവരാജ് പാട്ടിൽ. ലാത്തൂരിൽനിന്ന് 7 തവണ ലോക്സഭയിലെത്തിയ ശിവരാജ് പാട്ടീൽ 2004 മുതൽ 2008 വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചു. അക്രമത്തിൻറെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്ന് രാജിവെച്ചിരുന്നു
1935 ഒക്ടോബർ 12ന് മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി.1972 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു.
പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായി. ആദ്യം ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്ഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു. നെഹ്റു, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു.
1991ൽ സ്പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരിൽ ഭൂകമ്പം ഉണ്ടാകുന്നത്. അപ്പോൾ ദുരന്തമുഖത്ത് നേരിട്ടെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായി സേവനം അനുഷ്ഠിച്ചു.
















































