ന്യൂഡല്‍ഹി: ഇന്ത്യ–യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിനു പിന്നാലെ നരേന്ദ്ര മോദിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വ്യാപാരം, സാങ്കേതികവിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ എന്നിവയടക്കം പ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
‘‘പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളമായ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ അവലോകനംചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തു. ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ചു പ്രവര്‍ത്തിക്കും’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
















































