ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യിൽ ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിൽ കേളത്തിന് വേണ്ടി സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടം. വന്നവർ അതേ സ്പോട്ടിൽ പവലിയനിലേക്ക് മടക്കയാത്ര നടത്തിയ മത്സരത്തിൽ സഞ്ജു 56 പന്തിൽ പുറത്താവാതെ 73 റൺസ് അടിച്ചെടുത്തു. ലക്‌നൗവിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി. നിധീഷ് എം ഡിയാണ് കേരളത്തിനായി (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ നാലാം ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിന്റെ (2) വിക്കറ്റ് ആദ്യം കേരളത്തിനു നഷ്ടമായി. രാജുവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ എസ് ഭരതിന് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീൻ ആറ് റൺസുമായി മടങ്ങി. കൃഷ്ണ പ്രസാദ് (5), അബ്ദുൾ ബാസിത് (2), സൽമാൻ നിസാർ (5), ഷറഫുദ്ദീൻ (3) എന്നിങ്ങനെ വന്നവർ ഒന്നൊന്നായി മടങ്ങി. ബിജു നാരായണൻ (7) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. ഒരറ്റത്തുനിന്ന് ഒരോരുത്തരായി കൊഴിഞ്ഞപ്പോഴും പിടിച്ചു നിന്ന സഞ്ജുവിന്റെ ഇന്നിംഗ്‌സിൽ മൂന്ന് സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ് ആന്ധ്ര.
അഞ്ച് മത്സരങ്ങളിൽ 16 പോയിന്റാണ് ആന്ധ്രയ്ക്കുള്ളത്. കേരളം മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സങ്ങളിൽ 12 പോയിന്റ്. മൂന്ന് ജയവും രണ്ട് തോൽവിയും. ഇന്ന് ജയിച്ചാൽ മാത്രമെ കേരളത്തിന് അടുത്ത റൗണ്ടിൽ പ്രതീക്ഷ വെക്കേണ്ടതുള്ളൂ.
കേരളം: സഞ്ജു സാംസൺ (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അബ്ദുൾ ബാസിത്ത്, ഷറഫുദ്ദീൻ, എം.ഡി നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂർ, കൃഷ്ണ പ്രസാദ്, ബിജു നാരായണൻ എൻ.
ആന്ധ്ര: ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), അശ്വിൻ ഹെബ്ബാർ, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റൻ), പ്രസാദ്, പൈല അവിനാഷ്, കെ വി ശശികാന്ത്, സൗരഭ് കുമാർ, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.















































