കോഴിക്കോട്: ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന മൂന്നരവയസ്സുള്ള പെൺകുട്ടിയെ മാനസികാസ്വസ്ഥതയുള്ളയാൾ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചു. വെള്ളിയാഴ്ച വൈകീട്ട് കുറ്റിക്കാട്ടൂരായിരുന്നു സംഭവം. കുടുംബത്തിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടയിൽ സാധനംവാങ്ങാൻ വേണ്ടി ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ പിതാവ് തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു സംഭവം. അമ്മയുടെ കണ്‍മുന്നില്‍ വച്ചാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചത്.
തൊട്ടടുത്ത് ഉണ്ടായിരുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിലെ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയാണിയാളെന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ. ജോസ് പറഞ്ഞു. കുറ്റിക്കാട്ടൂർ സ്വദേശികളാണ് കുട്ടിയുടെ രക്ഷിതാക്കൾ.
മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് ഇയാൾ മാനസികാസ്വസ്ഥതയുള്ളയാളാണെന്ന് വ്യക്തമായതെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ അമ്മയുടെ പരാതിയിൽ പോലീസ് തുടർനടപടിയെടുത്തില്ല. കസ്റ്റഡിയിലെടുത്ത ആളെ മാനസികാരോഗ്യകേന്ദ്രത്തിലാക്കുമെന്ന് പോലീസ് അറിയിച്ചു.
















































