തിരുവനന്തപുരം: സ്വർണക്കവർച്ച കേസ് വിവാദം തണുപ്പിക്കാൻ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഐഎംജി ഡയറക്ടർ ആയ കെ.ജയകുമാറിനെ നിയമിച്ചപ്പോൾ അതും സർക്കാരിനു പുലിവാലാകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.ബി. അശോക് കോടതിയെ സമീപിച്ചതാണു സർക്കാരിനു പണിയാകുന്നത്. ജയകുമാറിനെ അയോഗ്യനാക്കണമെന്നു കാട്ടി സംസ്ഥാന കാർഷിക ഉൽപാദന കമ്മിഷണർ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചു.
ഹർജിയിൽ പറയുന്നത് സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടന്നാണ്. എന്നാൽ തന്നെ നിയമിച്ചത് സർക്കാരാണെന്നും സർക്കാർ മറുപടി പറയുമെന്നും കെ. ജയകുമാർ പറഞ്ഞു. ഐഎംജി ഡയറക്ടർ പദവിയിൽ തുടരുന്നത് പകരക്കാരൻ വരുന്നതു വരെ മാത്രമാണ്. രണ്ട് പ്രതിഫലം പറ്റുന്നില്ല. കോടതിയെ ഇക്കാര്യങ്ങൾ ബോധിപ്പിക്കുമെന്നും ജയകുമാർ പറഞ്ഞു.
അതേസമയം ഹർജിയിൽ കെ. ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റ് സെക്രട്ടറി എന്നിവർക്കും തിരുവനന്തപുരം ജില്ലാ കോടതി നോട്ടിസ് അയച്ചു. 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകാനാണ് നോട്ടിസ്. കെ. ജയകുമാർ നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ഐഎംജിയുടെ ഡയറക്ടറാണ്. ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും സത്യപ്രതിജ്ഞ ചെയ്ത് ചാർജ് ഏറ്റെടുത്തപ്പോഴും തുടർന്ന് ഇപ്പോഴും കെ. ജയകുമാർ സർക്കാർ പദവി വഹിച്ച് ശമ്പളം പറ്റുന്ന തെളിവുകടക്കമാണ് പരാതിക്കാരൻ ഹർജി ഫയൽ ചെയ്തത്.
കൂടാതെ സർക്കാരിന്റെ കീഴിൽ കേവലം അധികച്ചുമതലയായി കാണാനാവുന്ന ഒന്നല്ല ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയെന്നും അശോക് വാദിക്കുന്നു. തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം നിയമിതനായ കെ. ജയകുമാർ നിയമത്തിലെ 7(iii) വകുപ്പ് പ്രകാരം അയോഗ്യനാണെന്ന് ഹർജിയിൽ പറയുന്നു. ദേവസ്വം ബോർഡ് സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമായി വ്യവസ്ഥ ചെയ്ത് അത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. നിയമത്തിലെ 7-ാം വകുപ്പിൽ ദേവസ്വം ബോർഡ് അംഗങ്ങളാകുന്നവർക്കുള്ള വിവിധ അയോഗ്യതകൾ വിവരിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്. എന്നാൽ ദേവസ്വം ബോർഡിന്റെ സ്വതന്ത്ര സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന നിയമനമാണ് ജയകുമാറിന്റെ നിയമിച്ചതിലൂടെ സംഭവിച്ചതെന്നും അശോക് ഹർജിയിൽ പറയുന്നു.
ഹർജിക്കാർക്കു വേണ്ടി അഡ്വ ബോറിസ് പോൾ, അഡ്വ സാജൻ സേവ്യർ എന്നിവർ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരായി. ഐഎംജി ഡയറക്ടറായുള്ള ജയകുമാറിന്റെ നിയമം ഐഎഎസ് കേഡർ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നീക്കം ചെയ്യണം എന്നുമുള്ള ഐഎഎസ് അസോസിയേഷൻ ഹർജി കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി പറയാൻ മാറ്റിയിരുന്നു.




















































