ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതു രാജ്യത്ത് ഒരു പാർട്ടിയും എടുക്കാത്തതരം തീരുമാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുലിനെതിരെ ലഭിച്ച പരാതി മണിക്കൂറുകൾക്കകം ഞങ്ങൾ പോലീസിനു കൈമാറി. ബുധനാഴ്ചയാണു രാഹുലിനെ പുറത്താക്കാൻ തീരുമാനിച്ചത്. പ്രഖ്യാപിച്ചതു പിറ്റേന്നാണെന്നു മാത്രം. അതുവരെ രാഹുലിനെതിരെ ഒരു പരാതിയും കിട്ടിയിട്ടില്ല. ആരോപണം ഉയരുകയും ശബ്ദരേഖ പുറത്തുവരികയും ചെയ്തപ്പോൾ അന്വേഷണത്തിലുണ്ടായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. എംഎൽഎ ആയി തുടരണോ എന്നു രാഹുൽ തീരുമാനിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.
അതുപോലെ രാഹുലിനെതിരെ പിറ്റേന്നു പരാതി ലഭിക്കുമെന്നു മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഒരു പോലീസുകാരൻ വിചാരിച്ചാൽ അറസ്റ്റ് ചെയ്യാമായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പു വരെ വിഷയം സജീവമാക്കി നിർത്തി സ്വർണക്കൊള്ള മറയ്ക്കാനായിരുന്നു നീക്കം. ബലാത്സംഗ കേസിലെ പ്രതി സിപിഎം എംഎൽഎയായി തുടരുന്നതിനെപ്പറ്റി മുഖ്യമന്ത്രിയോടു ചോദിക്കൂവെന്നും സതീശൻ പറഞ്ഞു. എകെജി സെന്ററിൽ പൊടിപിടിച്ചു കിടക്കുന്ന പരാതികൾ ഇനിയെങ്കിലും സിപിഎം പോലീസിനു കൈമാറണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടിയുടെ മുതിർന്ന നേതാവിന്റേത് ഉൾപ്പെടെ പരാതികൾ ഉയർന്നിരുന്നു. എന്തു നടപടിയെടുത്തു? എം. മുകേഷ് എംഎൽഎയ്‌ക്കെതിരെയുള്ളതു ക്ലിയർ കേസാണ്. പരാതി കിട്ടിയതിനാൽ പോലീസ് നടപടിയെടുത്തു. പക്ഷേ, പാർട്ടി ഒന്നും ചെയ്തില്ല. മുകേഷിന്റെ പീഡനം തീവ്രത കുറഞ്ഞതാണെന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവു തന്നെ പറയുന്നു. അതുപോലെ കടകംപള്ളി സുരേന്ദ്രനും പി.കെ. ശശിക്കുമെതിരെ പരാതിയുണ്ടായി. പാർട്ടി നേതാവ് മോശമായി പെരുമാറിയെന്ന് അമ്പലപ്പുഴ മേഖലയിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയായ പാർട്ടി പ്രവർത്തക പരാതിപ്പെട്ടപ്പോൾ പരാതിക്കാരിയെ തന്നെ പാർട്ടിയിൽനിന്നു പുറത്താക്കി. എറണാകുളം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളിക്യാമറ വച്ചു. പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി മധുവിനെതിരെ പരാതി ഉയർന്നു. ആ മധു ഇപ്പോൾ സ്ഥാനാർഥിയാണ്.
കൂടാതെ കണ്ണൂർ ജില്ലയിൽ തന്നെ മറ്റൊരു ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപിനെതിരെയും മോശമായ പെരുമാറ്റത്തിനു പരാതിയുണ്ട്. ഇത്തരം പരാതികളൊന്നും സിപിഎം പോലീസിനു കൈമാറിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം രാഹുലിന്റെ ചെയ്തികൾ പാർട്ടിക്കു ചെറിയ തോതിൽ ദോഷമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ പാർട്ടി എടുത്ത നിലപാട് ജനങ്ങളുടെ മുന്നിൽ വിശ്വാസ്യത വർധിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എഐസിസിയുടെ അനുമതിയോടെ കോൺഗ്രസിലെ എല്ലാ നേതാക്കന്മാരുടെയും യോജിച്ച തീരുമാനമാണു പുറത്താക്കൽ. സിപിഎമ്മിനെ പോലെയല്ല കോൺഗ്രസ്. കളവുകേസിലെ പ്രതികളെ സിപിഎം ഇപ്പോഴും സംരക്ഷിക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണു രാഹുലിനു നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































