ജറുസലം: ഗാസയിലെ തുരങ്കങ്ങളിൽ കുടുങ്ങിയ 40 ഹമാസ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വെളിപ്പെടുത്തൽ. ഇസ്രയേൽ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിലുള്ള തുരങ്കങ്ങളിൽ കുടുങ്ങിക്കിടന്നവരെയാണ് വധിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്നു പ്രാദേശിക കമാൻഡർമാരും ഹമാസിന്റെ പ്രവാസി നേതാക്കളിലൊരാളായ ഗാസി ഹമാദിന്റെ മകനും ഉൾപ്പെടുന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഹമാസ് വക്താവ് വിസമ്മതിച്ചു.
അതേസമയം തുരങ്കങ്ങളിൽ എത്രപേർ കുടുങ്ങിയെന്നോ, ഇനി എത്രപേർ അവശേഷിക്കുന്നുണ്ടെന്നോ ഹമാസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇരുനൂറിലേറെ ഹമാസ് അംഗങ്ങൾ മാസങ്ങളായി റഫായിലുള്ള തുരങ്കങ്ങളിലുണ്ടെന്ന് യുഎസ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തിരുന്നു. ഇവരിൽ തുരങ്കം വിട്ടു പുറത്തിറങ്ങിയ ചിലർ പിന്നീട് ഇസ്രയേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ കീഴടങ്ങുകയോ ചെയ്‌തെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം തുരങ്കങ്ങളിലുള്ള ഹമാസ് അംഗങ്ങൾ കീഴടങ്ങിയാൽ ഗാസ മുനമ്പിന്റെ മറ്റു പ്രദേശങ്ങളിലേക്കു പോകാൻ അനുവദിക്കുന്ന കരാറിലെത്താൻ യുഎസും മറ്റു മധ്യസ്ഥരും ശ്രമിച്ചിരുന്നെങ്കിലും വിഫലമായി. ആയുധം വച്ചു കീഴടങ്ങിയാൽ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ നിലപാടെടുത്തിരുന്നു. റഫായിലുള്ള ഹമാസുകാർ തങ്ങളുടെ സേനയ്ക്ക് ആയുധങ്ങൾ കൈമാറിയാൽ മതിയെന്ന ശുപാർശ ഈജിപ്തും മുന്നോട്ടുവച്ചിരുന്നു. ഹമാസ് അംഗങ്ങൾ ഇസ്രയേലിനു കീഴടങ്ങില്ലെന്ന് പലസ്തീൻ സംഘടന വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഗാസയിൽ ഹമാസിനെ എതിർക്കുന്ന സായുധ പലസ്തീൻ വിഭാഗത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. സംഭവത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ലെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹമാസ് വിരുദ്ധ ഗ്രൂപ്പുകളിൽ ഏറ്റവും പ്രമുഖമായ വിഭാഗമായ പോപ്പുലർ ഫോഴ്‌സിനെ നയിച്ചിരുന്ന ഗോത്രനേതാവാണ് യാസർ അബു ഷബാബ്. ഇസ്രയേൽ ബന്ധത്തിന്റെ പേരിൽ, ഇദ്ദേഹത്തോടു കീഴടങ്ങാൻ നേരത്തേ ഹമാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ കീഴടങ്ങാൻ തയാറായിരുന്നില്ല.



















































