ന്യൂഡൽഹി: ഇസ്രയേൽ സൈന്യം ഗാസയിൽ ഹമാസിനെതിരെ പ്രയോഗിക്കുന്ന പ്രതിരോധ സാങ്കേതിക വിദ്യ ഇന്ത്യൻ സൈന്യത്തിനും ലഭ്യമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ തകൃതിയായി നടക്കുന്നതായി റിപ്പോർട്ട്. കമ്പ്യൂട്ടറൈസ്ഡ് ഫയർ-കൺട്രോൾ സിസ്റ്റമായ അർബൽ ( ARBEL) ആണ് ഇന്ത്യയിലേക്ക് എത്താൻ പോകുന്നത്. ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസും ഇന്ത്യൻ കമ്പനിയായ അദാനി ഡിഫൻസും ചേർന്ന് വികസിപ്പിച്ച അർബൽ ഇന്ത്യൻ സൈന്യത്തിനു ലഭ്യമാക്കാനാണ് ചർച്ചകൾ നടക്കുന്നത്.
അർബൽ യുദ്ധക്കളത്തിൽ തോക്കുകളുടെ ലക്ഷ്യങ്ങൾ ഭേദിക്കുന്നതിലുള്ള കൃത്യതയും ക്ഷമതയും വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാസയിൽ ഹമാസിനെതിരെ നടത്തിയ യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ തോക്കുകളിൽ അർബൽ സംവിധാനം ഉപയോഗിച്ചിരുന്നു. സൈന്യം ഉപയോഗിക്കുന്ന ഏത് ചെറിയ തോക്കുകളുമായും ബന്ധിപ്പിക്കാൻ കഴിയുന്നവയാണ് അർബൽ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സൈനികർക്ക് പോരാട്ട സാഹചര്യങ്ങളിൽ അവരുടെ ലക്ഷ്യം ഭേദിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസുമായി ചർച്ചകൾ നടക്കുന്നുവെന്ന് കമ്പനിയുടെ സിഇഒ ഷൂക്കി ഷ്വാർട്‌സ് സ്ഥിരീകരിച്ചു.
അതുപോലെ സൈനികൻ തോക്കിന്റെ ട്രിഗർ അമർത്തുന്നതോടെ അർബൽ പ്രവർത്തനം ആരംഭിക്കുന്നു. ആദ്യത്തെ റൗണ്ട് വെടിയുതിർത്തുകഴിയുമ്പോൾ സാഹചര്യങ്ങൾ വിശകലനം ചെയ്യുകയും വിജയസാധ്യത കൂടുതലാണെങ്കിൽ മാത്രം തുടർച്ചയായ റൗണ്ടുകൾ വെടിയുതിർക്കാനുള്ള നിർദ്ദേശം തോക്കുകളിലേക്ക് നൽകുകയും ചെയ്യുന്നു. ഈ സെലക്ടീവ് ഫയറിംഗ് സംവിധാനം വെടിയുണ്ടയുടെ ഉപയോഗം അടക്കം നിയന്ത്രിക്കുന്നു. കാര്യക്ഷമതയും യുദ്ധക്കളത്തിലെ പ്രവർത്തന മികവും മെച്ചപ്പെടുത്തുകയും ചെയ്യും. മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റം (MEMS) അൽഗോരിതം ആണ് അർബലിന്റെ പ്രധാന ഭാഗം. ഇത് മില്ലിസെക്കൻഡുകൾക്കുള്ളിൽ ഏറ്റവും അനുയോജ്യമായ ഫയറിംഗ് സൊല്യൂഷൻ കണക്കാക്കി തീരുമാനമെടുക്കാൻ സൈനികരെ സഹായിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
അതേസമയം നിലവിൽ ഇന്ത്യൻ സൈന്യം നിരവധി ഇസ്രയേൽ നിർമിത റൈഫിളുകൾ ഉപയോഗിക്കുന്നുണ്ട്. X95 അസോൾട്ട് റൈഫിളുകൾ, TAR-21, ഗലീൽ സ്‌നൈപ്പർ റൈഫിൾ, നെഗേവ് NG-7 ലൈറ്റ് മെഷീൻ ഗൺ എന്നിവയാണ് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നത്. ഇവയിലാകും അർബലിനെ ആദ്യം ഉപയോഗിക്കുക. ഇന്ത്യയുടെ വിവിധതരം ഇൻഫൻട്രി ആയുധങ്ങളിലേക്കും ഇതിനെ ഭാവിയിൽ വ്യാപിപ്പിക്കും. ഇന്ത്യ- ഇസ്രയേൽ ബന്ധത്തിലെ സുപ്രധാനമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. അർബലിന് ഡ്രോണുകൾ പോലെയുള്ള അതിവേഗത്തിൽ സഞ്ചരിക്കുന്ന ലക്ഷ്യങ്ങളെ തകർക്കാൻ വളരെ പെട്ടെന്ന് തീരുമാനമെടുക്കാനാകും. സാധാരണ ഒരു ഓട്ടോമാറ്റിക് റൈഫിളിനെ ഡ്രോണുകളെ ആക്രമിക്കാനുള്ള സംവിധാനമാക്കി എളുപ്പത്തിൽ മാറ്റാൻ ഇത് സഹായിക്കും. ഭാരം കുറഞ്ഞ തോക്കുകളിൽ ഘടിപ്പിക്കാവുന്ന ഉപകരണമാണ് അർബൽ. പരമാവധി 400 ഗ്രാം ഭാരമാണ് ഇവയ്ക്കുണ്ടാകുക. മാത്രമല്ല ഭീകരവാദികളുമായി ഏറ്റുമുട്ടുന്നതുപോലെയുള്ള നിമിഷാർദ്ധത്തിലുള്ള തീരുമാനങ്ങൾ അതിജീവനത്തെയും ദൗത്യ വിജയത്തെയും നിർണ്ണയിക്കുന്ന സങ്കീർണമായ സാഹചര്യങ്ങളിൽ അർബൽ സേനയ്ക്ക് മുതൽകൂട്ടാകുമെന്നാണ് കരുതുന്നത്. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി ഇന്ത്യയിൽ അർബൽ സംവിധാനം നിർമിക്കുന്നതിനെപ്പറ്റിയും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്


















































