ലക്നൌ: കോട്ടുവായിട്ടശേഷം വായ അടയ്ക്കാനാവാതെ കഷ്ടപ്പെട്ട തീവണ്ടി യാത്രക്കാരന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഉടൻതന്നെ റെയിൽവേ ആശുപത്രി ഡിഎംഒ സ്ഥലത്തെത്തി അദ്ദേഹത്തെ രക്ഷിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. സമാനമായ അനുഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതിക്കുണ്ടായിരിക്കുന്നത്. പാനിപൂരി കഴിക്കാനായി വായ തുറന്നതിനു പിന്നാലെ അടയ്ക്കാനാവാതെ കഷ്ടപ്പെടുകയായിരുന്നു യുവതി.
പാനിപൂരി കഴിക്കുന്നതിനിടെ വായടയ്ക്കാൻ കഴിയാതിരുന്ന യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ശരിയായില്ല. വീണ്ടും ചിച്ചോലി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അവിടെവച്ച് ദന്തരോഗവിദഗ്ധന്റെ മേൽനോട്ടത്തിൽ പഴയപടി ആക്കുകയുമായിരുന്നു. കീഴ്ത്താടിയെല്ലിന്റെ ‘ബോൾ-ആൻഡ്-സോക്കറ്റ്’ സന്ധി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെന്നിപ്പോകുന്ന അവസ്ഥയാണ് യുവതിക്കുണ്ടായത്. ഇതിനെ ‘ടെമ്പോറോമാൻഡിബുലാർ ജോയന്റ് ഡീ ലൊക്കേഷൻ’ അല്ലെങ്കിൽ ‘ജോയന്റ് ലോക്ക്’, ‘ഓപൺ ലോക്ക്’ എന്നും പറയും.
ടി.എം.ജെ ഡിസ് ലോക്കേഷൻ സംഭവിച്ചാല്‍ വായ തുറന്ന അവസ്ഥയിൽ ലോക്ക് ആവുക, വേദന, സംസാരിക്കാനും വായ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. കോട്ടുവായ ഇടുക, വലുതായി ചിരിക്കുക തുടങ്ങി വായ കൂടുതലായി വികസിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ഇങ്ങനെ സംഭവിച്ചേക്കാം. താടിയെല്ലിനോട് അനുബന്ധമായ ലിഗ്മെന്റുകൾ അയഞ്ഞാലോ താടിയെല്ലിന്റെ മസിലുകൾക്കുമേൽ സമ്മർദമുണ്ടായാലോ ഇങ്ങനെ ഉണ്ടാവാൻ സാധ്യതയുണ്ട്. ഡോക്ടര്‍ക്ക് കൈകൊണ്ട് സന്ധിയെ പൂർവ്വസ്ഥിതിയിലാക്കാന്‍ സാധിക്കും. എന്നാല്‍ ഗുരുതരമായ അവസ്ഥയില്‍ ശസ്ത്രക്രിയആവശ്യമായി വന്നേക്കാം.
ഇങ്ങനെ സംഭവിച്ചാലും പേടിക്കാതിരിക്കുക എന്നാണ് ആദ്യം ചെയ്യേണ്ടത്. ശക്തമായി വായ അടക്കാൻ സ്വയം ശ്രമിക്കരുത്. ഡോക്ടറുടെയയോ ദന്തരോഗ വിദഗ്ധന്റെയോ സഹായം തേടാം. ജോയന്റ് ലോക്ക് ഉണ്ടാവാതിരിക്കാൻ ചില മുൻകരുതലുമെടുക്കാം. മുഖാസ്ഥിയുടെ ജോയന്റിൽ വേദനയോ ടക്, ടക് ശബ്ദമോ വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അങ്ങനെയുള്ളവർ പാടുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കൂടുതൽ വായ തുറക്കാതിരിക്കാം. കട്ടിയുള്ള ആഹാരം കടിച്ചുപൊട്ടിച്ചു കഴിക്കുമ്പോളും ശ്രദ്ധിക്കാം. കോട്ടു വായിടുമ്പോൾ താടിയെല്ലിന് ചെറിയ സപ്പോർട്ട് കൊടുക്കാം. മൃദുവായുള്ള മസാജിങ് ചെയ്ത് മസിൽ റിലാക്സാക്കാം. ചെറുചൂടുള്ള പാഡോ തുണിയോ താടിയെല്ലിന്റെ സന്ധിയിൽ വെക്കുന്നതും നല്ലതാണ്.


















































