തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ കേരളത്തിൽ ഇതുവരെ നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവലോകനമാണ് ഈ സീരീസിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് 1995 ൽ നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് പരിശോധിക്കാം…
ബൽവന്ത് റായ് മേത്തയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനായി ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ശുപാർശ ചെയ്തത്. 1959 ൽ ഗാന്ധി ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പഞ്ചായത്ത് രാജ് സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വില്ലേജ് തലം, ബ്ലോക്ക് തലം, ജില്ലാ തലം എന്നിങ്ങനെ വിഭജിച്ച് കേരളത്തിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത് 1963 ൽ ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കൃത്യമായ ഒരു ചട്ടങ്ങളും നിയമങ്ങളും ഇല്ലാതിരുന്നതിനാൽ 1963-ന് ശേഷം ക്രമമായി തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 1979ലും 1988ലും ആണ് പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടന്നത്. എന്നിവ മാത്രം).
എന്നാൽ 1995-ലെ കേരള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭരണ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതി (1992) പ്രകാരം പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി കേരള നിയമസഭയും 1994-ൽ കേരള പഞ്ചായത്ത് രാജ് ആക്ടും മുനിസിപ്പാലിറ്റി ആക്ടും പാസാക്കിയിരുന്നു. ഇതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൂന്ന് തലങ്ങളിലായി (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) ശക്തിപ്പെട്ടു. നഗരപ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഉൾപ്പെട്ടു.
1995 സെപ്തംബർ മാസത്തിലാണ് ഈ പുതിയ സംവിധാനത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഇത് കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണത്തിന്റെ തുടക്കമായി തന്നെ കണക്കാക്കപ്പെടുന്നു. അന്ന് തെരഞ്ഞെടുപ്പു നടക്കുമ്പോൾ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ അവസ്ഥ ഒന്ന് നോക്കാം. ഗ്രാമപഞ്ചായത്തുകൾ 990 എണ്ണമായിരുന്നു ഉണ്ടായിരുന്നത്.152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഗ്രാമീണമേഖലയിൽ തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ മുനിസിപ്പാലിറ്റികളും തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നീ 3 കോർപ്പറേഷനുകളും ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകൾ ഒന്ന് നോക്കാം.
33% സ്ത്രീ സംവരണം ആദ്യമായി നടപ്പാക്കിയത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. പിന്നീട് അത് 50 ശതമാനമാക്കി ഉയർത്തുകയും ഉണ്ടായി. എസ്.സി/എസ്.ടി സംവരണവും ഉണ്ടായിരുന്നു.
1995 സെപ്തംബർ 23, 25 തുടങ്ങിയ ദിവസങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്ന് പ്രതിപക്ഷത്തായിരുന്നു. എകെ ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിലും. തെരഞ്ഞെടുപ്പ് സമയത്ത് കേരള രാഷ്ട്രീയം ഐഎസ്‌ആർഒ ചാരക്കേസും പാമോയിൽ ഇറക്കുമതി സംബന്ധിച്ച അഴിമതിക്കേസും കൊണ്ട് ചൂടു പിടിച്ചു നിൽക്കുകയായിരുന്നു. ഭരണപക്ഷത്തിന് എതിരായ ജനവികാരം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അത് ഒന്നുകൂടി ഉറപ്പായി. LDF കൂറ്റൻ വിജയമാണ് 1995-ലെ തെരഞ്ഞെടുപ്പിൽ നേടിയത്. ഇത് “landslide victory” എന്നാണ് അന്നത്തെ പത്രങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രാമപഞ്ചായത്തുകളിൽ മിക്കവാറും എൽഡിഎഫ് നിയന്ത്രണം നേടി. ഭൂരിപക്ഷം പഞ്ചായത്ത് പ്രസിഡന്റുമാർ എൽഡിഎഫ് പിന്തുണയുള്ളവരായിരുന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് തൂത്ത് വാരുകയായിരുന്നു.
നഗരപ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും എൽഡിഎഫ് തന്നെ മേധാവിത്വം നേടി. മൊത്തം 700-ൽ കൂടുതൽ ഗ്രാമപഞ്ചായത്തുകളാണ് എൽഡിഎഫ് ഭൂരിപക്ഷം നേടിയത്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി 1995-ൽ പ്രസിദ്ധീകരിച്ച ലേഖനം ഇതിനെ “LDF’s Repeat Performance” എന്നാണ് വിശേഷിപ്പിച്ചത്. കാരണം അതിനു മുമ്പ് 1989 ൽ നടന്ന തെരഞ്ഞെടുപ്പിലും എൽഡിഎഫ് നല്ല മേൽക്കൈ നേടിയിരുന്നു. ആ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭ കാലാവധി തികയ്ക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ളപ്പോൾ നിയമസഭ പിരിച്ച് വിട്ട് 1991 ലെ ലോകസഭയോടൊപ്പം തെരഞ്ഞെടുപ്പ് നടത്താൻ അന്നത്തെ മുഖ്യമന്ത്രി ഇകെ നയനാർ തീരുമാനിച്ചത്. എന്നാൽ രാജീവ് ഗാന്ധി വധത്തെത്തുടർന്ന് നടന്ന സഹതാപ തരംഗത്തിൽ എൽഡിഎഫിന്റെ പ്രതീക്ഷകൾ പാളി യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ ഇടതു മുന്നേറ്റത്തിന്റെ കാരണങ്ങൾ
1 – ജനകീയാസൂത്രണത്തിന്റെ ആകർഷണം.
എൽഡിഎഫ് “People’s Planning Campaign” എന്ന ആശയം പ്രചരിപ്പിച്ചു. അധികാരം വികേന്ദ്രീകരണത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന പ്രചാരണം അവർക്ക് ഗുണകരമായി. ഇഎംഎസിനെപോലുള്ളവരുടെ ഇതു സംബന്ധിച്ച സൈദ്ധാന്തിക നിലപാടും അവർക്ക് ജനകീയത നൽകി.
2 – യുഡിഎഫ് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ
എകെ ആന്റണി മുഖ്യമന്ത്രിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും മുൻ മുഖ്യമന്ത്രിയായ കരുണാകരന്റെ കാലത്തെ പാമോയിൽ അഴിമതി ഉൾപ്പെടെ യുഡിഎഫ് സർക്കാരിനെതിരെയുള്ള പല വിവാദങ്ങളും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
3 – പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ
ഈഴവ, മുസ്ലിം, ദലിത് വിഭാഗങ്ങളിൽ എൽഡിഎഫിന് ശക്തമായ അടിത്തറ ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതായി രാഷ്ട്രീയ വിദഗ്ദർ വിലയിരുത്തിയിരുന്നു.
4 – പ്രതിപക്ഷത്തായിരുന്നതിന്റെ ഗുണം
അധികാരത്തിലുള്ള യുഡിഎഫിനെതിരെ ജനരോഷം കൃത്യമായി മുതലാക്കാൻ എൽഡിഎഫിനായി. കൂടാതെ ബിജെപി അന്ന് കേരളത്തിൽ നിസാര ശക്തി മാത്രമായിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യാഘാതങ്ങൾ
1- 1996 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സൂചന
1995-ലെ തദ്ദേശ വിജയം എൽഡിഎഫിന് കരുത്തായി. 1996-ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായി എൽഡിഎഫ് അധികാരത്തിലെത്തിയത് 98 സീറ്റുകൾ നേടിയാണ്.
2 – ജനകീയാസൂത്രണത്തിന്റെ തുടക്കം
1996-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ “People’s Plan Campaign” ആരംഭിച്ചു. പ്ലാൻ ഫണ്ടിന്റെ 35-40% തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് നൽകി. ഇതാണ് പിന്നീട് ലോകപ്രശസ്തമായ “Kerala Model of Decentralisation” ആയി മാറിയത്.
3 – സ്ത്രീ ശാക്തീകരണം
33% സംവരണം മൂലം ആയിരക്കണക്കിന് സ്ത്രീകൾ തദ്ദേശഭരണത്തിലെത്തി.
1995 മുതൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള “സെമിഫൈനൽ” ആയി മാറുകയും ചെയ്തു. ആറുമാസത്തിനുശേഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇതേ നിലതുടർന്നാൽ കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വരും എന്ന് മനസിലാക്കിയ ആന്റണി സ്ത്രീകളെ ആകർഷിക്കാനായി അന്ന് നടത്തിയ ഒരു തീരുമാനമായിരുന്നു കേരളത്തിലെ ചാരായ നിരോധനം. 1996 ലെ തെരഞ്ഞെടുപ്പിന് തോട്ടുമുമ്പായി നടപ്പാക്കിയ ആ നയം കൊണ്ടും പക്ഷേ അനിവാര്യമായ തോൽവി ഒഴിവാക്കാൻ യുഡിഎഫിനായില്ല.
1995-ലെ തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ യഥാർത്ഥ ആരംഭമായിരുന്നു. അതിൽ എൽഡിഎഫിന്റെ വൻ വിജയം കേരള മാതൃകയുടെ അടിസ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
അടുത്ത ദിവസം നമുക്ക് 2000 ൽ നടന്ന അടുത്ത തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശകലനം ചെയ്യാം. ഇതു സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തൂ. നന്ദി.


















































