പുല്ലുകുളങ്ങര: പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മകൻ കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്തിനെ (30) ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി എട്ടരയോടെയാണു നടരാജനെ (63) കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനും വെട്ടേറ്റിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്. നവജിത്തിനെ തെളിവെടുപ്പിനു കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകും.
വർഷങ്ങളോളം വിദേശത്തായിരുന്ന നടരാജൻ തിരിച്ചെത്തിയ ശേഷം റോഡ് പണികളുടെയും മറ്റും കരാർ ജോലികൾ ഏറ്റെടുത്തു നടത്തുകയായിരുന്നു. നവജിത് അഭിഭാഷകനാണ്. സംഭവസമയത്തു മാതാപിതാക്കളും ഇയാളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. നവജിത് നിയമബിരുദം എടുത്ത് എൻറോൾ ചെയ്തശേഷം ബാർ കൗൺസിലിന്റെ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. ഇതിനായി രണ്ടു ദിവസം മുൻപു വീട്ടിൽനിന്നു പോയതാണെന്നു ബന്ധുക്കൾ അറിയിച്ചു. പക്ഷെ ഇയാൾ പരീക്ഷയ്ക്കു പോകാതെ മദ്യപിച്ചു സഹോദരിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടർന്നു സഹോദരി ഇയാളെ ശനിയാഴ്ച കണ്ടല്ലൂരിലെ വീട്ടിൽ കൊണ്ടുപോയി വിട്ടിരുന്നു. നവജിത്തിന്റെ ഭാര്യാസഹോദരനാണ് ഇയാളുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്.
സംഭവദിവസം ഇയാളുടെ നവ്യയെ പ്രസവത്തിനായി കൈപ്പട്ടൂരിലുള്ള വീട്ടിലേക്കു കൊണ്ടുപോയിരുന്നു. കൊലപാതക വിവരമറിഞ്ഞെത്തിയ നാട്ടുകാർ വീടിന്റെ മുകൾനിലയിൽനിന്ന് നവജിത് ആക്രോശിക്കുന്നതാണു കണ്ടത്. ദേ കിടക്കുന്നു രണ്ട് ഡമ്മി, കണ്ടോ ഡമ്മി കിടക്കുന്നത്’’ –കൊലപാതക വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ കണ്ടതു വീടിന്റെ മുകളിലത്തെ നിലയിൽ കയറി നവജിത്ത് ഇങ്ങനെ ആക്രോശിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ആത്മഹത്യാ ഭീഷണിയും മുഴക്കി.
തുടർന്നു പോലീസെത്തി കയർ വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തി വീടിന് പിൻവാതിലിലൂടെയാണ് നവജിത്തിനെ കൊണ്ടു പോയത്. മാനസിക നില തെറ്റിയ പോലെയായിരുന്നു പെരുമാറ്റം എന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് ഇടയിൽ ആംബുലൻസ് എത്തി നടരാജനെയും ഭാര്യ സിന്ധുവിനെയും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. സംഭവത്തിനു മറ്റു ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ കൊലപാതകത്തിന്റെ കാരണമെന്തെന്നു വ്യക്തമായിട്ടില്ല. പരസ്പരവിരുദ്ധമായാണു യുവാവ് സംസാരിക്കുന്നത്. ലഹരിക്ക് അടിമയാണോയെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു. നടരാജനെ വെട്ടുകത്തി കൊണ്ടു മൃഗീയമായാണ് പ്രതി ആക്രമിച്ചത്. ദേഹത്തു 47 വെട്ടുകളേറ്റിരുന്നു.
അതേസമയെ കൊലപാതകം നടന്ന വീട് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ സന്ദർശിച്ചു. കനകക്കുന്ന് എസ്എച്ച്ഒ സി.അമലിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മാതാപിതാക്കളെ ആക്രമിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന വെട്ടുകത്തി വീടിനു മുന്നിൽനിന്നു കണ്ടെടുത്തു. കനകക്കുന്ന് പോലീസിന്റെ കസ്റ്റഡിയിൽ കഴിഞ്ഞ പ്രതിയെ സ്റ്റേഷനിലെത്തി പൊലീസ് മേധാവി ചോദ്യം ചെയ്തു. സയന്റിഫിക് ഓഫിസർ ആർ.വിഷ്ണുവിന്റെ നേതൃത്വത്തിൽ ഫൊറൻസിക് ഉദ്യോഗസ്ഥരായ ഹരികൃഷ്ണൻ, അരുൺ എന്നിവർ തെളിവുകൾ ശേഖരിച്ചു. നടരാജന്റെ സംസ്കാരം നാളെ നടക്കും. മറ്റു മക്കൾ: നിധിൻ രാജ്, നിധി മോൾ. മരുമകൻ: പ്രഭുൽ ദേവ്.
















































