കോഴിക്കോട്: കേന്ദ്ര സമീപനത്തെക്കുറിച്ച് വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് സുരേഷ് ഗോപിയെ വെല്ലുവിളിക്കുകയാണെന്ന് പി.കെ.ദിവാകരൻ.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി തന്നെയല്ല കണക്കു കൊടുത്തവരെയാണ് മാന്തി പൊളിക്കേണ്ടതെന്ന് കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ പറഞ്ഞു. വടകര ആശുപത്രിക്ക് അനുവദിച്ച 83 കോടി രൂപയിൽ 40% സംസ്ഥാന സർക്കാരിന്റേതാണ്. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാത്ത മന്ത്രിയാണ് സുരേഷ് ഗോപി. സംസ്ഥാനത്തിന്റെ ഒരു പ്രശ്നത്തിലും അദ്ദേഹം ഇടപെടുന്നില്ല. സുരേഷ് ഗോപി ഇങ്ങനെ ചെറുതാകരുത്. തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നതെന്നും പി.കെ. ദിവാകരൻ പരിഹസിച്ചു.
’
വടകരയിലെ ‘മാക്രി’യുടെ രോദനം എന്ന പരാമർശം നടത്തിയ സുരേഷ് ഗോപി ഈ മാക്രിയുടെ മൂക്കിന് താഴെയാണ് വടകരയിൽ 95.34 കോടി രൂപയുടെ പദ്ധതി താൻ കൂടി അംഗീകരിച്ച് കൊണ്ടുവന്നതെന്ന് പറഞ്ഞിരുന്നു. തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വന്നാൽ മാന്തി പൊളിച്ചുകളയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിനു പ്രതികരണമായി സുരേഷ് ഗോപി ഇങ്ങനെ ചെറുതാകരുതെന്നും പി.കെ. ദിവാകരൻ പറഞ്ഞു.
അതുപോലെ കേരളത്തിന് കേന്ദ്രം വികസനത്തിനു പണം കൊടുത്തു എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? പിഎംജെവികെ പദ്ധതിയിലാണ് വടകര ഗവൺമെന്റ് ആശുപത്രിക്ക് 83 കോടി രൂപ നൽകിയത്. ഈ പദ്ധതിയിൽ 40% കേരള സർക്കാരാണ് വഹിക്കുന്നത്. 60% കേന്ദ്രമാണ്. അപ്പോൾ രണ്ട് സർക്കാരുകളുടെയും സംയുക്ത സംരംഭമായി ഒരു വികസന പ്രവർത്തനം നടക്കുമ്പോൾ അത് കേന്ദ്രത്തിന്റെ ന്യായത്തിൽ അവരുടെ കണക്കിൽ വരുന്നതാണെന്ന് പറഞ്ഞ് മേനി നടിച്ചു നടക്കുകയാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരാൾ ഇത്ര ചെറുതാവാൻ പാടുണ്ടോ. കേരളത്തിന് അർഹമായ എയിംസ് വരെ ഇവിടെ നിന്ന് റാഞ്ചാനുള്ള പദ്ധതിയുമായാണ് അദ്ദേഹത്തിന്റെ നടപ്പ്. കേന്ദ്ര സമീപനത്തെക്കുറിച്ച് വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് സുരേഷ് ഗോപിയെ വെല്ലുവിളിക്കുകയാണെന്നും പി.കെ. ദിവാകരൻ കൂട്ടിച്ചേർത്തു.



















































