ജയ്പൂർ: രാജസ്ഥാനിലെ ധോൽപൂരിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ(എസ്‌ഐആർ) ജോലിക്കിടെ ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. ശനിയാഴ്ച വൈകീട്ട് വീട്ടിൽ എസ്‌ഐആർ ജോലികൾ പൂർത്തിയാക്കുന്നതിനിടെ 42 കാരനായ അനുജ് ഗാർഗ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ജോലി ഭാരത്താൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുജ് ഗാർഗ് സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
അടുത്ത ദിവസങ്ങളിലായി എസ്‌ഐആർ ജോലികൾ രാത്രി വൈകിയും അനുജ് ഗാർഗ് ചെയ്തിരുന്നുവെന്നും ഇത് ശാരീരികമായും മാനസികമായും അദ്ദേഹത്തെ തളർത്തിയിരുന്നുവെന്നും സഹോദരി പറഞ്ഞു. സംഭവ ദിവസവും രാത്രിയിൽ വളരെ വൈകിയും വോട്ടർമാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു അനുജ്. ഇതിനിടെ ചായ വേണമെന്ന് വീട്ടുകാരോടു പറഞ്ഞു, ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബാരയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകനാണ് അനുജ് ഗാർഗ്. 2012ലാണ് സർക്കാർ സർവീസിൽ ജോലി ലഭിച്ചത്.
അതേസമയം ഉത്തർപ്രദേശിലും സമാനസാഹചര്യത്തിൽ ബിഎൽഒ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധാംപുരിലെ 56 കാരി ശോഭറാണിയാണ് സമാന രീതിയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അങ്കണവാടി ജിവനക്കാരിയായ ശോഭറാണി ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടിരുന്നു. രാത്രിയിൽ എസ്‌ഐആർ നടപടിക്രമങ്ങൾ ചെയ്യുന്നതിനിടെ ശോഭറാണിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
മകന്റെ വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് ശോഭറാണിയുടെ മരണം. എസ്‌ഐആർ ജോലിയുടെ സമ്മർദവും മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ആലോചനകളും ബിഎൽഒ ജോലികളും കാരണം ശോഭറാണി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.
















































