തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേേസിൽ പ്രതികരണവുമായി കോൺഗ്രസ് മുതിർന്ന നേതാവ് എം എം ഹസ്സൻ രംഗത്ത്. രാഹുലിന് രാഷ്ട്രീയ പിൻതുണയില്ലെന്നും കുറ്റം തെളിഞ്ഞാൽ പുറത്താക്കുമെന്നും എംഎം ഹസൻ പറഞ്ഞു.രാഹുൽ വിഷയത്തിൽ പോലീസ് നിയമനടപടി സ്വീകരിക്കട്ടെ. രാഹുലിനെതിരെ പാർട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസം നിൽക്കില്ല.
അതേസമയം പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിനാണ്?. അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം ഉണ്ടായിട്ടുണ്ടാകും. യുവതി പരാതി നൽകിയ രീതി വിചിത്രമാണ്. പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും എം എം ഹസ്സൻ പറഞ്ഞു.
അതുപോലെ തൻറെ ഭാഗം തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നേരിട്ട് അല്ലലോ, പോലീസ് സ്റ്റേഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്. സസ്‌പെൻഷൻ കടുത്ത ശിക്ഷയാണ്. കുറ്റം തെളിഞ്ഞാൽ പുറത്താക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണോ പരാതി വാങ്ങേണ്ടത്. രാഹുലിന് രാഷ്ട്രീയ പിന്തുണ ഇല്ല. സിപിഎം ജയിലിൽ അടച്ചവരെ പോലും പിന്തുണയ്ക്കുന്നുവെന്നും എംഎം ഹസ്സൻ പറഞ്ഞു.
അതേസമയം, പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങൾ പുറത്ത് വന്നു. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെ ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുലിൻറെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർക്കാണ് മേൽനോട്ട ചുമതല.
അതുപോലെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുൽ കേരളം വിട്ടെന്നാണ് സൂചന. രാഹുലിൻറെ ഫോൺ സ്വിച്ച് ഓഫാണ്. രാഹുലിനെ തേടി പാലക്കാടും പത്തനംതിട്ടയിലും പേലീസ് അന്വേഷണം തുടരുകയാണ്. അതേസമയം, കേസിൽ മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കിൽ തിരുവനന്തപുരത്ത് ഹർജി നൽകും.
അതേസമയം തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പിന്നീട് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. സീറോ എഫ്ഐആറാണ് വലിയമല സ്റ്റേഷനിൽ ഇട്ടിരിക്കുന്നത്. കുറ്റം നടന്നത് നേമം സ്റ്റേഷൻ പരിധിയിൽ ആയതിനാലാണ് അങ്ങോട്ട് മാറ്റിയത്. യുവതിയുടെ രഹസ്യ മൊഴി എടുക്കാൻ ഇന്ന് തന്നെ പൊലീസ് അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക. കോടതി അനുവദിച്ചാൽ ഇന്ന് തന്നെ മൊഴി എടുക്കും.



















































