തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയിലാണ് നടപടി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ്പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ യുവതിയിൽനിന്ന് മൊഴിയെടുത്തിരുന്നു. വ്യാഴാഴ്ച നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് യുവതി കാര്യങ്ങൾ വിശദീകരിച്ചത്. മൂന്നുപേജുള്ള പരാതി എഴുതി നൽകി. വാട്സാപ്പ് ചാറ്റ്, ശബ്ദരേഖ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും കൈമാറിയിട്ടുണ്ട്.
തുടർന്ന് എഡിജിപി എച്ച്. വെങ്കടേഷിന് മുഖ്യമന്ത്രി പരാതി കൈമാറിയതിനു പിന്നാലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ യോഗം ചേർന്ന് തുടർനടപടികൾ നിശ്ചയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ രാഹുലിനെതിരേ പരാതിവന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വിലയിരുത്തുന്നു.
അതേസമയം ഓഗസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയർന്നുവെങ്കിലും പരാതിക്കാരി നേരിട്ടെത്തിയിരുന്നില്ല. എന്നാൽ, മൂന്നാംകക്ഷികൾ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതികൾ പരിഗണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയിലെ യുവതിയെ കണ്ടെത്തി പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവതി അതിന് തയ്യാറായിരുന്നില്ല. ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദം തന്നെയാണോയെന്നത് സ്ഥിരീകരിക്കാനോ തള്ളാനോ രാഹുൽ മാങ്കൂട്ടത്തിൽ ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല.
പരാതി ലഭിച്ചതോടെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടി രാഹുൽ മാറിനിൽക്കുകയാണ്. ഫോണും സ്വച്ച് ഓഫാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുൽ. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെയാണ് സമീപിച്ചിരിക്കുന്നത്. എന്നാൽ, സെഷൻസ് കോടതിയെ സമീപിച്ചിട്ടേ ഹൈക്കോടതിയിൽ മുൻകൂർജാമ്യഹർജി നൽകാവൂവെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. പക്ഷേ, പ്രത്യേക സാഹചര്യത്തിൽ സാധ്യമാകുമോ എന്നു പരിശോധിക്കുന്നുണ്ട്.
ഇതിനിടെ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ അപാകതയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പോലീസ് സ്റ്റേഷനാകുന്നതെന്നും അഡ്വ. ജോർജ് പൂന്തോട്ടം പ്രതികരിച്ചു.


















































