ബെംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ‘നന്ദിനി’ ബ്രാന്‍ഡില്‍ വ്യാജനെയ്യ് വില്‍പന നടത്തിയ കേസില്‍ മുഖ്യപ്രതികളായ ദമ്പതിമാര്‍ പിടിയില്‍. ശിവകുമാര്‍, രമ്യ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) ബുധനാഴ്ച അറസ്റ്റ്‌ചെയ്തത്. വ്യാജനെയ്യ് വില്‍പ്പനസംഘത്തിന്റെ മുഖ്യസൂത്രധാരന്മാര്‍ ഇരുവരുമാണെന്ന് പോലീസ് പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിച്ച നെയ്യാണ് നന്ദിനി നെയ്യ് എന്നപേരില്‍ ബെംഗളൂരുവില്‍ വില്‍പ്പന നടത്തിയിരുന്നത്. നന്ദിനിയുടെ അതേരീതിയിലുള്ള പാക്കറ്റുകളിലും കുപ്പികളിലുമായിരുന്നു വില്‍പ്പന. വ്യാജനെയ്യ് സൂക്ഷിച്ചിരുന്ന കേന്ദ്രത്തില്‍ നവംബര്‍ 16-ന് പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് നാലുപേരെയും അറസ്റ്റ്‌ചെയ്തു.
കെഎംഎഫ് വിതരണക്കാരന്‍ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവറായ അഭി അരശ് എന്നിവരാണ് നേരത്തേ കേസില്‍ അറസ്റ്റിലായവര്‍. അഞ്ച് മൊബൈല്‍ഫോണുകൾ, നാല് ചരക്കുവാഹനങ്ങള്‍, 1.19 ലക്ഷം രൂപ, ചെറിയപാക്കറ്റുകളിലും കുപ്പികളിലുമാക്കിയ 8136 ലിറ്റര്‍ നെയ്യ് എന്നിവയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിരുന്നു. കെഎംഎഫ് വിജിലന്‍സ് സംഘവും ക്രൈംബ്രാഞ്ച് പോലീസുംചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
















































