മലപ്പുറം: വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ബൂത്ത് ലെവൽ ഓഫിസറെ സ്ഥാനത്തു നിന്നു മാറ്റി നടപടി. തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒ ബിഎൽഒ വാസുദേവനെയാണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ചുമതലയിൽ നിന്ന് നീക്കിയത്. കൂടാതെ ഈ വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകി.
കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ച് അപമര്യാദയായി പെരുമാറിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ബിഎൽഒ മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.

















































