കോട്ടയം: കടത്തുരുത്തിയില്‍ മദ്യലഹരിയിൽ മക്കളെ പൊതുവഴിയിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. ട്യൂഷന് പോയി മടങ്ങിവന്ന വിദ്യാർഥികളെയാണ് മദ്യലഹരിയിലായിരുന്ന പിതാവ് പൊതുവഴിയിൽവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്.
കോതനല്ലൂർ ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച ആറുമണിയോടെയാണ് സംഭവം. കോതനല്ലൂർ സ്വദേശിയായ അനീഷാണ് പോലീസിന്റെ പിടിയിലായത്. കുട്ടികളെ ഉപദ്രവിക്കുന്നതുകണ്ട് ചോദ്യംചെയ്ത നാട്ടുകാർക്കു നേരേ ഇയാൾ കൈയ്യേറ്റശ്രമം നടത്തുകയും അടുത്തുണ്ടായിരുന്ന കടയിൽനിന്നു കത്തിയെടുത്തു വീശി ഭീഷണിപ്പെടുത്തുകയുംചെയ്തു.
ഇതോടെ നാട്ടുകാർ യുവാവിനെ കീഴ്‌പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെട്ടതായി കടുത്തുരുത്തി പോലീസ് പറഞ്ഞു.


















































