മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ഭർതൃവീട്ടിൽ നവവധു നേരിട്ടത് കടുത്ത മാനസിക, ശാരീരിക പീഡനം. ഭക്ഷണം എടുത്തുവെയ്ക്കാൻ വൈകിയതിന് പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. യുവതിയുടെ തല ചുമരിൽ ഇടിച്ചും മുഖത്തും കഴുത്തിലും അടിച്ചും ഇയാൾ പരുക്കേൽപ്പിച്ചു. സംഭവത്തിൽ മുഹമ്മദ് ഷഹീനെ പോലീസ് അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകനാണ് പ്രതി.
പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപായിരുന്നു വിവാഹിതരായത്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർത്താവിൽ നിന്ന് കടുത്ത പീഡനമാണ് യുവതി നേരിട്ടത്. ഭക്ഷണം നൽകാൻ താമസിച്ചുവെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ആക്രമിച്ചത്. തല ചുമരിൽ ഇടിച്ചതിനെ തുടർന്ന് സാരമായി പരുക്കേറ്റ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുക്കുകയായിരുന്നു.
അതേസമയം വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭർതൃവീട്ടിൽ നിന്ന് നിരന്തരം മാനസിക, ശാരീരിക പീഡനം നേരിട്ടതായ് യുവതി പോലീസിനോട് പറഞ്ഞു. വീട്ടുകാർ നൽകിയ 15 പവനോളം സ്വർണം യുവാവ് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായും യുവതി പോലീസിനോട് പറഞ്ഞു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















































