ലഖ്നൗ: വീട്ടിൽ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ദാദ്രിയിലെ ബിസാഹ്ഡ ഗ്രാമത്തിൽ വയോധികനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ അപേക്ഷ നൽകി. പ്രാദേശിക ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയും ഉൾപ്പെട്ട കേസിലാണ് നടപടി. സിആർപിസി സെക്ഷൻ 321 പ്രകാരം ഉത്തർപ്രദേശ് ഗവർണറുടെ രേഖാമൂലമുള്ള അനുമതിയോടെ, ഗൗതം ബുദ്ധ നഗറിലെ അപ്പർ സെഷൻസ് കോടതിയിലാണ് പിൻവലിക്കൽ അപേക്ഷ സമർപ്പിച്ചത്.
അതേസമയം 2015 സെപ്റ്റംബർ 28-നായിരുന്നു ഏറെ വിവാദം സൃഷ്ടിച്ച ആൾക്കൂട്ട കൊലപാതകം. ബിസാഹ്ഡ ഗ്രാമത്തിലെ മുഹമ്മദ് അഖ്‌ലാഖ്(52) ആണ് കൊല്ലപ്പെട്ടത്. പശുവിനെ അറുത്തുവെന്നും ബീഫ് വീട്ടിൽ സൂക്ഷിച്ചുവെന്നുമുള്ള അഭ്യൂഹങ്ങളെ തുടർന്ന് ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെയും മകൻ ഡാനിഷിനെയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി ആക്രമിക്കുകയായിരുന്നു. ഇഷ്ടിക, വടി, കത്തി മുതലായവ ഉപയോഗിച്ച് നടത്തിയ ക്രൂര ആക്രമണത്തിൽ തലയ്ക്കും നെഞ്ചിനുമേറ്റ ഗുരുതരമായ പരിക്കുകളേ തുടർന്ന് അഖ്‌ലാഖ് മരിച്ചു. ഡാനിഷ് ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.
2015 ലെ കൊലപാതകത്തിലെ പ്രതികൾക്കെതിരെയുള്ള കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും പിൻവലിക്കാനുള്ള നീക്കമാണ് യോഗി ആദിത്യനാഥ് സർക്കാർ നടത്തുന്നത്. സർക്കാരിന്റെ കത്ത് അടുത്തിടെ ലഭിച്ചുവെന്നും, കേസ് നിലവിൽ പരിഗണിക്കുന്ന സൂരജ്പുരിലെ അതിവേഗ കോടതിയിൽ കുറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതായും അഡീഷണൽ ഡിസ്ട്രിക്റ്റ് ഗവൺമെൻ്റ് കൗൺസൽ (എഡിജിസി) ഭഗ് സിങ് ഭാട്ടിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 26 ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഗൗതം ബുദ്ധ നഗറിലെ അസിസ്റ്റന്റ് ജില്ലാ ഗവൺമെന്റ് കൗൺസൽ ഭാഗ് സിംഗ് ഒക്ടോബർ 15 ന് പിൻവലിക്കൽ അപേക്ഷ സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 84 ദിവസത്തിനുള്ളിൽ 181 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളിലൊരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽവെച്ച് മരിച്ചു. പ്രായപൂർത്തിയായ 14 പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതിന് ശേഷം 2021 മാർച്ച് 26-നാണ് വിചാരണ ആരംഭിച്ചത്. കേസ് ഇപ്പോഴും തെളിവെടുപ്പ് ഘട്ടത്തിലാണ്, കാര്യമായ പുരോഗതിയില്ല. 2022 ജൂണിൽ അഖ്‌ലാഖിന്റെ മകൾ ഷൈസ്തയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു, എന്നാൽ മറ്റ് കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ (ഇപ്പോൾ ഭാരതീയ ന്യായ സംഹിത അതിനെ മറികടന്നിരിക്കുന്നു) പ്രകാരമാണ് പ്രതികൾക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്, അതിൽ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 323 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 504 (സമാധാനം തകർക്കാൻ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ ഉൾപ്പെടുന്നു.
അതേസമയം ഇതൊരു ക്രൂരമായ ഒരു കൊലപാതകമായിരുന്നുവെന്നും കേസ് പിൻവലിക്കുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദുർബലമാക്കുമെന്നും അഖ്‌ലാഖിന്റെ കുടുംബാംഗം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
















































