വാഷിങ്ടൺ: വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ ജനരോഷം ഉയരുന്നതും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കാരണം താരിഫ് കടുംപിടിത്തം അയച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാപ്പി, വാഴപ്പഴം, ബീഫ്, ചക്ക, മാങ്ങ എന്നിവയുൾപ്പെടെയുള്ള 100ലതികം ഭക്ഷ്യോത്പ്പന്നങ്ങളെ താരിഫുകളിൽ നിന്ന് ഒഴിവാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
താരിഫ് കടുംപിടിത്തെത്തുടർന്നുണ്ടായ ജീവിതച്ചെലവിനെക്കുറിച്ചുള്ള ആശങ്കകളെ ട്രംപ് മുൻപ് നിസ്സാരവൽക്കരിച്ചിരുന്നെങ്കിലും, കഴിഞ്ഞയാഴ്ചത്തെ ന്യൂയോർക്ക് തിരഞ്ഞെടുപ്പിൽ തന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ മോശം പ്രകടനം പുനരാലോചനകൾക്ക് ഇടയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
ഇതോടെ അവോക്കാഡോയും തക്കാളിയും മുതൽ തേങ്ങയും മാമ്പഴവും വരെ ഉൾപ്പെടുന്ന ഉത്പന്നങ്ങൾക്കാണ് ട്രംപ് ഭരണകൂടം ഇപ്പോൾ താരിഫ് ഒഴിവാക്കിയിരിക്കുന്നത്. ഈ സാധനങ്ങൾ മതിയായ അളവിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിയില്ലെന്ന് ട്രംപ് ഭരണകൂടം സമ്മതിച്ചു. മതിയായ അളവിൽ യുഎസിൽ ഉൽപാദിപ്പിക്കാൻ കഴിയാത്ത ചരക്കുകൾക്കാണ് ഇളവുകൾ നൽകിയിട്ടുള്ളതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
നേരത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന തീരുവയും, ഇന്ത്യയടക്കമുള്ള പല രാജ്യങ്ങൾക്കും അധിക തീരുവകളും ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. ഇത് യുഎസ് ഉപഭോക്താക്കൾക്ക് വില വർദ്ധനവിന് കാരണമാകില്ലെന്നായിരുന്നു ട്രംപിന്റെ ആദ്യ അവകാശവാദം. കൂടാതെ യുഎസ് വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് ഈ നികുതികൾ ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. ഉയർന്ന തീരുവകൾ യുഎസിലുള്ളവരെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാൽ ഭക്ഷ്യോത്പന്നങ്ങളുടെ വില കുതിച്ചുയർന്നത് ജനരോഷത്തിനിടയാക്കി. ട്രംപിന് ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറുകയും ചെയ്തു. ഇതിനിടെ താരിഫുകൾ ഉയർത്താൻ ട്രംപിന് നിയമപരമായ അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് യുഎസ് സുപ്രീംകോടതിയും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാൽ താരിഫുകൾ ഉയർത്തിയത് അമേരിക്കയെ സമ്പന്നമാക്കിയെന്ന അവകാശപ്പെട്ട ട്രംപ് അമേരിക്കക്കാർക്ക് 2,000 ഡോളർ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാൽ പുതിയ തീരുമാനം താരിഫ് നയത്തിൽ നിന്ന് ട്രംപ് പിൻവാങ്ങുന്നതിന്റെ സൂചനയാണ് നൽകുന്നത്.
അതേസമയം യുഎസിൽ ഉത്പാദിപ്പിക്കാത്ത ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഇളവ് നൽകിയതെന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഭാവിയിൽ കൂടുതൽ നയപരമായ പിന്മാറ്റങ്ങൾ ആവശ്യമായി വരുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇളവ് ലഭിച്ച പ്രധാന ഉത്പന്നങ്ങൾ
വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പട്ടികയിൽ ഇനി മുതൽ തീരുവകൾ ബാധകമല്ലാത്ത 100-ലധികം ഉത്പന്നങ്ങളിൽ ചിലത് ഇവ:
കാപ്പി, കൊക്കോ, ബ്ലാക് ടീ, ഗ്രീൻ ടീ, വാനില ബീൻസ്, ബീഫ് ഉൽപ്പന്നങ്ങൾ, അക്കായി, അവോക്കാഡോ, വാഴപ്പഴം, തേങ്ങ, പേരയ്ക്ക, ചെറുനാരങ്ങ, ഓറഞ്ച്, മാമ്പഴം, നേന്ത്രപ്പഴം, പൈനാപ്പിൾ, വിവിധയിനം മുളകുകൾ, തക്കാളി, സർവ്വസുഗന്ധി, കറുവയില, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, കറി പൗഡർ, പെരുംജീരകം, ഇഞ്ചി, ജാതിപത്രി, ജാതിക്ക, ഒറിഗാനോ, പപ്രിക, കുങ്കുമപ്പൂവ്, മഞ്ഞൾ എന്നിവ ഉൾപ്പെടെ
അണ്ടിപ്പരിപ്പുകൾ, ധാന്യങ്ങൾ, കിഴങ്ങുകൾ, ബാർളി, ബ്രസീൽ നട്ട്, കേപ്പർ, കശുവണ്ടി, ചെസ്റ്റ്നട്ട്, മക്കാഡാമിയ നട്ട്, മിസോ, പനയുടെ കൂമ്പ്, പൈൻ നട്ട്, കസ്‌കസ്, മരച്ചീനി, ചേമ്പ്.















































