ന്യൂഡൽഹി: ഡൽഹിയിൽ ഉഗ്ര സ്‌ഫോടനത്തിനിരയാക്കിയ കാർ ഹരിയാന രജിസ്‌ട്രേഷൻ ഹ്യൂണ്ടായ് ഐ20 കാറാണെന്നു കണ്ടെത്തൽ. സ്ഫോടനം നടക്കുമ്പോൾ കാറിനകത്ത് മൂന്നുപേരുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. സ്‌ഫോടനത്തിൽ 8 പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് ഇതുവരെ കിട്ടിയ റിപ്പോർട്ടുകൾ. ഒരു ഇ-റിക്ഷ ഉൾപ്പെടെ സമീപത്തുണ്ടായിരുന്ന 22 വാഹനങ്ങൾ സ്‌ഫോടനത്തെത്തുടർന്ന് അഗ്നിക്കിരയായി. കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സൽമാൻ എന്നയാളായിരുന്നുവെന്നും ഇയാൾ പിന്നീട് നദീം എന്നയാൾക്ക് കാർ വിറ്റുവെന്നും ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽവെച്ച് സൽമാനെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഹ്യൂണ്ടായ് ഐ20 കാറാണ് സ്ഫോടനത്തിനുപയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായും ഇന്നലെ അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.52-ഓടെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പതുക്കെ സഞ്ചരിക്കുകയായിരുന്ന കാർ സിഗ്നലിൽ നിർത്തി. ആ വാഹനത്തിൽ പിന്നീട് സ്‌ഫോടനമുണ്ടായെന്നും തത്ഫലമായി സമീപത്തെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെന്നും ഡൽഹി പോലീസ് കമ്മിഷണർ സതീഷ് ഗോൽച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌നായക് ആശുപത്രിയിലെത്തി പരുക്കേറ്റവരെ ഇന്നലെ സന്ദർശിച്ചിരുന്നു. ഡൽഹി പോലീസ് കമ്മിഷണറുമായും ആശുപത്രിയിലെ ഡോക്ടർമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ ഏജൻസിയായ എൻഐഎ, ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി.


















































