വാഷിങ്ടണ്‍: കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിന്റെ എതിരാളികളെ വിഡ്ഢികള്‍ എന്നും വിശേഷിപ്പിച്ചു. താരിഫിലൂടെയുണ്ടായ നേട്ടത്തിന്റെ ഒരു വിഹിതം ജനങ്ങൾക്കും നൽകാൻ ആഗ്രഹിക്കുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 2000 ഡോളർ നൽകുമെന്നും ട്രംപ് പറഞ്ഞു.
ഉന്നത വരുമാനക്കാർക്കൊഴിച്ച് ബാക്കിയെല്ലാവർക്കും പണം നൽകുമെന്നാണ് അറിയിപ്പ്. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമസാധുതയെക്കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് നയത്തെ ന്യായീകരിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍.’താരിഫുകളെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ്! നമ്മളിപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്.
പണപ്പെരുപ്പം ഏതാണ്ടില്ല, ഓഹരി വിപണി റെക്കോര്‍ഡ് വിലയിലുമാണ്. 401k-കള്‍ (വിരമിക്കല്‍ സേവിങ്‌സ് പ്ലാന്‍) എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. നമ്മള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ നേടുന്നുണ്ട്, താമസിയാതെ നമ്മുടെ 37 ട്രില്യണ്‍ ഡോളറിന്റെ ഭീമമായ കടം വീട്ടാനും തുടങ്ങും. ‘ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.


















































