ബീജിങ്: ഈ അടുത്ത കാലത്തായിട്ട് ചൈന ആയുധ നിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ സൈനിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന തങ്ങളുടെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 2020 മുതൽ നടന്നുവരുന്ന ഈ വിപുലീകരണത്തിന്റെ നിർണ്ണായക വിവരങ്ങളടങ്ങിയ ഉപഗ്രഹ ചിത്രങ്ങളുടെയും മാപ്പുകളുടെയും ഔദ്യോഗിക രേഖകളുടെയും വിവരങ്ങളാണ് സിഎൻഎൻ പുറത്തുവിട്ടത്.
അതേസമയം ചൈനയുടെ ഈ നീക്കം ആഗോളതലത്തിൽ പുതിയ ആശങ്കകൾക്ക് വഴി തുറന്നിരിക്കുകയാണ്. സൈനിക നിരീക്ഷണത്തിൽ ഇത് ഒരു ‘നിശ്ശബ്ദ വിപ്ലവം’ എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസിഡന്റ് ഷി ജിൻപിങ് 2012-ൽ അധികാരത്തിൽ വന്നതുമുതൽ ചൈനയുടെ സായുധ സേനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ മിസൈൽ വിപുലീകരണം ആധുനികവൽക്കരണത്തിന്റെ അവിഭാജ്യ ഘടകമായാണ് ചൈന വിലയിരുത്തുന്നത്.
മാത്രമല്ല ഈ കാലയളവിൽ, ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) ഏറ്റവും തന്ത്രപ്രധാനമായ യൂണിറ്റുകളിൽ ഒന്നായി മിസൈൽ സേന മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധത്തിന്റെ (Strategic Deterrence) നെടുംതൂണായാണ് ഷി ജിൻപിംഗ് മിസൈൽ യൂണിറ്റിനെ പരിവർത്തനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്. 20 ലക്ഷത്തിലധികം സൈനികരുള്ള സായുധ സേനയാണ് ചൈനയ്ക്കുള്ളത്. ഈ സൈന്യത്തിന്റെ എല്ലാ ശാഖകൾക്കും, അതായത് കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നത് ഈ പുതിയതും വികസിപ്പിച്ചതുമായ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നാണ്. മിസൈലുകളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമല്ല ഈ വിപുലീകരണം ലക്ഷ്യമിടുന്നത്. ഏത് സാഹചര്യത്തിലും അവയുടെ ഉത്പാദന വേഗതയും കാര്യക്ഷമതയും നിലനിർത്താൻ കഴിയുന്ന ഒരു സുശക്തമായ വിതരണ ശൃംഖല ഉറപ്പാക്കുക കൂടിയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഹ്രസ്വദൂര മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ, ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുടെയെല്ലാം ഉത്പാദനത്തിനായിരിക്കും ഈ വിപുലീകരണം പ്രധാനമായും ഊന്നൽ നൽകുന്നത്. സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 136 മിസൈൽ നിർമ്മാണ കേന്ദ്രങ്ങളിൽ 60 ശതമാനത്തിലധികം സൈറ്റുകളിലും വിപുലീകരണത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഇത് കേവലം അറ്റകുറ്റപ്പണികൾക്കപ്പുറം, ഉത്പാദന ശേഷിയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള വലിയ നിർമ്മാണ പ്രവർത്തനങ്ങളാണെന്നാണ് വിലയിരുത്തുന്നത്.
അതേസമയം 2020-ന്റെ തുടക്കം മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനുള്ളിൽ ചൈന 20 ലക്ഷം ചതുരശ്ര മീറ്ററിലധികം പുതിയ സൗകര്യങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. ആയുധ വികസന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പുതിയ കെട്ടിടങ്ങൾ, ഭൂഗർഭ ബങ്കറുകൾ, വിമാനങ്ങൾക്കും വലിയ വാഹനങ്ങൾക്കും മിസൈലുകൾക്കും വേണ്ടിയുള്ള ഭീമാകാരമായ ഹാങ്ങറുകൾ എന്നിവയാണ് ഉപഗ്രഹ ചിത്രങ്ങളിൽ പ്രധാനമായും കാണാനാവുന്നത്. ചൈനയുടെ മിസൈൽ നിർമ്മാണ രംഗത്ത് ഒരു വലിയ വ്യാവസായിക വിപ്ലവമാണ് നടക്കുന്നത് എന്നാണ് ഈ നിർമ്മാണങ്ങൾ സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
മാത്രമല്ല വിദൂര ഗ്രാമീണ മേഖലകളെ അതിവേഗം സൈനിക വ്യാവസായിക കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവണതയും റിപ്പോർട്ടിൽ എടുത്ത് കാണിക്കുന്നുണ്ട്. ഇത്രയും വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ചൈനയുടെ പ്രതിരോധ ഉത്പാദനത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ ഈ സൈനിക നീക്കം യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പസഫിക് ഫോറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റും, നാറ്റോ ആയുധ നിയന്ത്രണ വിഭാഗത്തിന്റെ മുൻ ഡയറക്ടറുമായിരുന്ന വില്യം ആൽബെർക്കിന്റെ വാക്കുകൾ ഈ സംഭവവികാസത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ‘ചൈന ഒരു ആഗോള വൻശക്തിയായി സ്വയം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. നമ്മൾ ഇപ്പോൾ ഒരു പുതിയ ആയുധമത്സരത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.’ എന്നാണ് അദ്ദേഹം റിപ്പോർട്ടിൽ പറയുന്നത്.
ചൈനയുടെ വർധിച്ചുവരുന്ന മിസൈൽ ശേഷി അമേരിക്ക, ഇന്ത്യ, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. തായ്വാൻ കടലിടുക്കിലെ സൈനിക ഇടപെടൽ സാധ്യതകളെയും, ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെയും ഇത് കൂടുതൽ സങ്കീർണ്ണമാക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചൈന നടത്തുന്ന ഈ വൻ നിക്ഷേപം മേഖലയിലെ മറ്റ് രാജ്യങ്ങളെയും സമാനമായ ആയുധ വർധനവിന് പ്രേരിപ്പിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും പുറത്തുവരുന്നുണ്ട്.
















































