ഹരിയാന തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് നാം ഇതുസംബന്ധിച്ച് ചെയ്ത ആദ്യ ഭാഗത്തിൽ സംസാരിച്ചിരുന്നു. എങ്ങനെയാണ് 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടത്, പ്രതിപക്ഷ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിന് മുൻപ് അത് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത്.
> ഡ്യൂപ്ലിക്കേറ്റ് വോട്ടുകളിലൂടെയുള്ള വോട്ടുമോഷണം
5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകളാണ് ഹരിയാനയിൽ രാഹുലും സംഘവും കണ്ടെത്തിയിട്ടുള്ളത്. എന്താണ് ഈ ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ എന്ന് ചോദിച്ചാൽ വ്യാജഫോട്ടോ, അതുപോലെ ഒരേ ഫോട്ടോയുള്ള നിരവധി വോട്ടർമാർ തുടങ്ങിയവയെയാണ് രാഹുൽ ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലം തന്നെ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരേ ഫോട്ടോയുള്ള നൂറുകണക്കിന് വോട്ടർമാരെ കാണാൻ കഴിയും. ഒരേ ഫോട്ടോ ഉപയോഗിച്ചിട്ടുള്ള 223 വോട്ടർമാരെ ഹരിയാനയിലെ രണ്ട് ബൂത്തിൽ നിന്നും മാത്രം കണ്ടെത്തി എന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഒരേ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് 223 വോട്ടുകൾ ചേർക്കാൻ പറ്റുന്ന തരത്തിലേക്ക് നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ദുർബലമായി എന്നത് പേടിപ്പിക്കുന്ന വസ്‌തുത തന്നെയാണ്. രണ്ട് ബൂത്തുകളിലായി ഒരേ ഫോട്ടോയുള്ള 223 വോട്ടുകൾ പ്രത്യക്ഷപ്പെടുമ്പോൾ അവിടെ ബി.എൽ.ഒ മാർ എന്ത് പണി ചെയ്യുകയായിരുന്നു എന്ന ചോദ്യം ബാക്കിയാണ്. ഇതുപോലെ തന്നെ വ്യക്തമല്ലാത്ത ഫോട്ടോകളും ഫേക്ക് ഫോട്ടോകളുമുള്ള 1,24,177 വോട്ടുകളും ഹരിയാനയിലുണ്ട്. കേവലം ഒരു AI ടൂളിന് മിനിറ്റുകൾ കൊണ്ട് ചെയ്യാൻ പറ്റുന്ന പണിപോലും ബി.എം.ഒമാർ ചെയ്തിട്ടില്ല എന്നിതിനാൽ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും.
ഇതുകൊണ്ടും കഴിയുന്നില്ല. ഒരേ നിയമസഭയിൽ തന്നെ ഒന്നിലധികം വോട്ടുകളുള്ള നിരവധി വോട്ടമാരെ നമുക്ക് ഹരിയാനയിലെ വോട്ടർ പട്ടികയിൽ കാണാൻ കഴിയും. ബാദ്ഷാഹ്പൂർ മണ്ഡലത്തിൽ ശശാങ്ക് ഗിരി എന്നയാൾക്ക് 14 വോട്ടും, രുദ്രാഭിഷേക് ജെയിൻ, നമൻ ജൈന എന്നിവർക്ക് ഇതേ മണ്ഡലത്തിൽ തന്നെ 18 വോട്ടുകളും ഉണ്ടെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന രാഹുൽ ഗാന്ധി, ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ നീക്കം ചെയ്യാനുള്ള സോഫ്റ്റ്വെയർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ട് അത് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ചോദിക്കുമ്പോൾ പതിവുപോലെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ല. യു.പിയിലും ഹരിയാനയിലും വോട്ടുകൾ ആയിരക്കണക്കിന് വോട്ടർമാർ ഉണ്ടെന്നും, അതിൽ ബിജെപി നേതാക്കളും ഉൾപ്പെടുന്നു എന്നും രാഹുൽ തെളിവ് സഹിതം വ്യക്തമാക്കുന്നു.
>ഗ്യാനേഷ് കുമാറും വ്യാജ അഡ്രസ്സും
അഡ്രസ്സിന്റെ സ്ഥാനത്ത് 0 എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി വോട്ടർമാരാണ് ഉള്ളതെന്ന് രാഹുൽ ഗാന്ധി ആദ്യ വോട്ടുചോരിയിൽ വെളിപ്പെടുത്തിയപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷണൻ ഗ്യാനേഷ് കുമാർ നൽകിയ മറുപടി വീടില്ലാത്ത മനുഷ്യർക്കാണ് 0 എന്ന് അഡ്രസ്സ് നൽകിയത് എന്നായിരുന്നു. എന്നാൽ ഹരിയാനയിലെ നരേന്ദ്രൻ എന്ന വോട്ടറെ ചൂണ്ടിക്കാട്ടി രാഹുൽ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വായ് അടപ്പിക്കുന്നുണ്ട്. അഡ്രസ് 0 എന്ന് രേഖപ്പെടുത്തിയ വീടില്ലാത്ത നരേന്ദ്രന്റെ വീട് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തുകയും രാഹുൽ ഗാന്ധി അത് പത്രസമ്മേളനത്തിൽ പ്രദർശിപ്പിക്കകയും ചെയ്തു. വോട്ട്- അഡ്രസ് വെരിഫിക്കേഷനുകളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് ഇത്തരത്തിൽ അഡ്രസിന്റെ സ്ഥാനത്ത് 0 എന്ന് നൽകുന്നത് എന്ന് രാഹുൽ ആരോപിക്കുന്നു. അഡ്രസിന്റെ സ്ഥാനത്ത് 0 എന്ന് എഴുതിയ 98,174 വോട്ടർമാരാണ് ഹരിയാനയിൽ ഉള്ളത്.
> ബൾക്ക് വോട്ട് അഥവാ വോട്ടുമോഷണത്തിന്റെ ഭീകരരൂപം
ഒരേ അഡ്രസിൽ തന്നെ ഒട്ടനവധി ആളുകൾ വോട്ട് ഉള്ളതിനെയാണ് ബൾക്ക് വോട്ടിങ് എന്ന് രാഹുൽ അഭിസംബോധന ചെയ്യുന്നത്. ഹരിയാനയിൽ ഇത്തരത്തിൽ 19 ലക്ഷം ബൾക്ക് വോട്ടർമാരാണ് ഉള്ളത്. ചില ഉദാഹരങ്ങൾ നോക്കാം, ബിജെപി നേതാവ് ഉമേഷിന്റെ വീട് അഡ്രസ്സിൽ ഉള്ളത് 66 വോട്ടുകളാണ്. ഹോടലിലെ 265 ആം നമ്പർ വീട്ടിലുള്ളത് 501 വോട്ടർമാർ. റായിയിലെ ഒരു വീട്ടിൽ 108 വോട്ടർമാർ. അതായത് നമ്മുടെ നാട്ടിലെ പല സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലും കൂടുതൽ വോട്ടുകൾ ഹരിയാനയിലെ പല വീടുകളിലുമുണ്ട്‍. 10 കൂടുതൽ വോട്ടുകൾ ഒരേ അഡ്രസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ ഗ്രൗണ്ട് ലെവൽ വെരിഫിക്കേഷൻ നടത്തണം എന്ന് നിയമം ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ ബോധപൂർവം വെരിഫിക്കേഷൻ നടത്തുന്നില്ല എന്ന് രാഹുൽ ഗാന്ധി ഈ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
> അപ്രത്യക്ഷമായ വോട്ടുകൾ
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി മൂന്നരലക്ഷം വോട്ടുകളാണ് ഹരിയാന നിയമസഭാ വോട്ടർ പട്ടികകളിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു, എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ട് എന്നും കുടുംബത്തിലെ 4 വോട്ടുകൾ ഇതുപോലെ ഒഴിവാക്കപ്പെട്ടു എന്നുമെല്ലാം പരാതിപ്പെടുന്ന ഹരിയാനയിലെ വോട്ടർമാരെ തന്റെ പത്രസമ്മേളനത്തിലൂടെ രാഹുൽ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ ഡിലീറ്റ് ചെയ്യപ്പെട്ട ബഹുഭൂരിപക്ഷം വോട്ടുകളും കോൺഗ്രസിന്റെ വോട്ടുകളായിരുന്നു എന്നും രാഹുൽ സൂചിപ്പിക്കുന്നുണ്ട്. സർക്കാർ ചോരി നമ്മുടെ ജനാധിപത്യത്തെ തകർത്തു എന്ന് ചൂണ്ടിക്കാട്ടുന്ന രാഹുൽ ഗാന്ധി എസ്.ഐ.ആർ ജനാധിപത്യത്തെ തകർക്കാനുള്ള ഏറ്റവും പുതിയ ആയുധമാണ് എന്ന് കൂടി കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും ഒപ്പം ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് പറയുന്നത് ഈ രാജ്യത്തിൻറെ പ്രതിപക്ഷ നേതാവാണ്
> ബീഹാർ തുടർച്ചയോ?
സർക്കാർ ചോരി എന്നത് നിലവിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഒരു സിസ്റ്റമാണ് എന്ന് പറയുന്ന രാഹുൽ ഗാന്ധി ഇത് ഏത് സംസ്ഥാനത്തും ഉപയോഗിക്കാൻ കഴിയുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ബീഹാർ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഹരിയാനയ്ക്ക് സമാനമായ ഡേറ്റ നമുക്ക് ലഭിക്കുമെന്ന് പറയുന്ന രാഹുൽ ഗാന്ധി ഒരു നിർണയ ചോദ്യത്തിനുള്ള ഉത്തരം കൂട്ടി അതിനൊപ്പം നൽകുന്നുണ്ട്. എന്തുകൊണ്ടാണ് പ്രതിപക്ഷം ഇത് തിരഞ്ഞെടുപ്പിനെ മുന്നേ കണ്ടെത്തുന്നില്ല എന്ന ചോദ്യത്തിന് രാഹുൽ വ്യക്തമായ മറുപടി നൽകുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ മാത്രമാണ് ഈ വോട്ടർപട്ടിക ഞങ്ങൾക്ക് ലഭ്യമാക്കുന്നത്, പിന്നെ ഞങ്ങൾ എന്തുചെയ്യാൻ എന്ന രാഹുലിന്റെ നിസ്സഹായമായ ചോദ്യത്തെ നാം വളരെ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർപട്ടിക എന്തുകൊണ്ടാണ് വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രസിദ്ധീകരിക്കുന്നത് എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.
> ജെൻസിയുടെ റോൾ
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുമ്പോൾ രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള ശക്തി യുവാക്കളുടെയും ജെൻസിക്കുടെയും പക്കലുണ്ടെന്നും, സത്യത്തിലൂടെയും അഹിംസയുലൂടെയും നാം ഇവിടെ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നും ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പറയുമ്പോൾ നാം ആ വാക്കുകളുടെ അതീവ ഗൗരവത്തോടെ തന്നെ കേൾക്കണം. കാരണം ഇത് രാഹുലിനോ അയാളുടെ പാർട്ടിക്കോ വേണ്ടിയുള്ള പോരാട്ടമല്ല ഈ രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ്, രാജ്യത്തിന്റെ യുവാക്കളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഒരു കാര്യം യുവാക്കളെ ഓർമിപ്പിക്കുന്നു; ഒരിക്കലും ഈ രാജ്യം തോൽക്കരുത്, അതിന് നാം അനുവദിക്കരുത്…

















































