ന്യൂയോർക്ക്: ഇന്ത്യയുൾപെടെ വിവിധ ലോക രാജ്യങ്ങൾക്ക് മേൽ പകരം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നടപടിക്ക് യുഎസ് സുപ്രീംകോടതിയിൽ തിരിച്ചടി. പകരം തീരുവ ഏർപ്പെടുത്തിയതിന് കാരണമായി യു എസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസിലിപ്പോഴും കോടതിയിൽ വാദം തുടരുകയാണ്.
അതേസമയം രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് പോകാതിരിക്കാനും ആണ് പകരം തീരുവ വിവിധ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയത് എന്നായിരുന്നു പ്രസിഡൻറ് അഡ്മിസ്ട്രേഷന് വേണ്ടി ഹാജരായ യു എസ് സോളിസിറ്റർ ജനറൽ ജോൺ സൗവറിൻറെ വാദം.
താരിഫ് യുഎസിലെ ജനങ്ങളെ ബാധിക്കില്ലെന്നും അതു നികുതി അല്ലെന്നും ട്രംപിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ജഡ്ജിമാർ ഈ വാദം തള്ളി. ഫലത്തിൽ, താരിഫുകൾ അമേരിക്കൻ ജനങ്ങൾക്കാണ് ഇപ്പോൾ ബാധ്യതയായിരിക്കുന്നതെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. യുഎസ് കോൺഗ്രസിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് ട്രംപ് ചെയ്തതെന്നും അങ്ങനെയായാൽ കോണഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു.
അതേസമയം ലോക ശ്രദ്ധയാകർഷിച്ച ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിലടക്കം ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ട്രംപിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുന്നത്. ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ ട്രംപ് പ്രഖ്യാപിച്ച പകരം തീരുവകൾ നിയമാനുസൃതമാണോയെന്ന് ജഡ്ജിമാർ സംശയം പ്രകടിപ്പിച്ചതോടെ, തീരുവകൾ റദ്ദാക്കുമെന്ന സൂചനകൾ ശക്തമായിട്ടുണ്ട്. നേരത്തേ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയും അപ്പീൽ കോടതിയും ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്നും ഇല്ലാത്ത അധികാര പ്രയോഗമാണെന്നും വിധിച്ചിരുന്നു. ഇതിനെതിരെ ട്രംപ് നൽകിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. തീരുവയിന്മേൽ സുപ്രീം കോടതി ഇന്നലെ വിധി പറയുമെന്നായിരുന്നു കരുതിയതെങ്കിലും മാറ്റിവച്ചു. ട്രംപിന്റെ വാദം കേൾക്കുക മാത്രമാണ് കോടതി ചെയ്തത്.
1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരമായിരുന്നു ട്രംപ് ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ കനത്ത പകരം തീരുവ പ്രഖ്യാപിച്ചത്. യുഎസ് കോൺഗ്രസിനെ മറികടന്ന് ഇങ്ങനെ തീരുവ ഏകപക്ഷീയമായി ചുമത്താൻ ട്രംപിന് അധികാരമില്ലെന്ന് കാട്ടി ഏതാനും ചെറുകിട ബിസിനസുകളും ചില സംസ്ഥാന സർക്കാരുകളുമാണ് കോടതിയിലെത്തിയത്.
അതേസമയം യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവയും ഇന്ത്യ, ബ്രസീൽ എന്നിവയ്ക്ക് 50% വീതവും തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ചൈനയ്ക്കുമേൽ ഫെന്റാനിൽ ഇറക്കുമതി ചൂണ്ടിക്കാട്ടി 57% തീരുവയും ചുമത്തിയിരുന്നു. തീരുവകൾ വഴി 2035ഓടെ 3 ട്രില്യൻ ഡോളറിന്റെ വരുമാനം യുഎസ് ഗവൺമെന്റിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനകം 151 ബില്യൻ ഡോളർ സമാഹരിച്ചു. 2024നെ അപേക്ഷിച്ച് 300 ശതമാനത്തിലധികമാണ് വർധന. തീരുവകൾ റദ്ദാക്കിയാൽ അമേരിക്കയ്ക്ക് അതു വൻ ദുരന്തവും നാണക്കേടുമാകുമെന്നും സുപ്രീം കോടതിയിലേത് ജീവന്മരണ പോരാട്ടമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീം കോടതിയിൽ ഇന്നലെ വാദം രണ്ടരമണിക്കൂർ നീണ്ടു. തീരുവയിന്മേൽ അന്തിമവിധി എപ്പോഴുണ്ടാകുമെന്ന് വ്യക്തമല്ല. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണിലേക്ക് ട്രംപിന്റെ ഗവൺമെന്റ് കടന്നത് യുഎസിൽ ട്രംപ് വിരുദ്ധ വികാരത്തിന് വഴിതുറന്നിട്ടുണ്ട്. ഇതിനിടെ കോടതിൽ വാദം കേൾക്കാൻ താൻ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിൻവലിച്ചിരുന്നു.
















































