ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് രാവിലെതന്നെ ആരംഭിച്ചു. ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു തെരഞ്ഞെടുപ്പു ഗോദയിലുള്ളത്. അതിൽ 122 പേർ സ്ത്രീകളും ജൻ സുരാജ് പാർട്ടിക്കുവേണ്ടി ഭോറയിൽ നിന്നു മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡറുമാണ്. 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക.
അതേസമയം സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും. ലാലുപ്രസാദ് യാദവുമായി ഇടഞ്ഞ് ആർജെഡിയിൽ നിന്നു പുറത്തായ തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിൽ നിന്നു ജനവിധി തേടുന്നുണ്ട്. പ്രചാരണത്തിനിടെ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ വെടിയേറ്റു മരിച്ച കേസിൽ ജയിലിലായ ജെഡിയു സ്ഥാനാർഥി അനന്ത് സിങ് മത്സരിക്കുന്ന മൊക്കാമയിലും ഇന്നാണ് വോട്ടെടുപ്പ്.
കൂടാതെ ഗുണ്ടാസംഘാംഗമായ സൂരജ് ഭാന്റെ ഭാര്യ വീണാ ദേവിയാണ് ഇവിടെ ആർജെഡി സ്ഥാനാർഥി. നാടോടി ഗായിക മൈഥിലി താക്കൂർ (ബിജെപി-അലിനഗർ), ഭോജ്പുരി താരങ്ങളായ കേസരിലാൽ യാദവ് (ആർജെഡി-ഛപ്ര), റിതേഷ് പാണ്ഡെ (ജൻ സുരാജ് പാർട്ടി –കർഗഹർ) എന്നിവരും ഇന്ന് ജനവിധി തേടുന്നവരാണ്. ബിജെപിയുടെ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ 4 തവണ വിജയിച്ച ലഖിസരായിയിൽ നിന്നാണു വീണ്ടും ജനവിധി തേടുന്നത്.
അതേസമയം ലാലു കുടുംബത്തിന്റെ കുത്തക മണ്ഡലമായ രാഘോപുരിൽ ഹാട്രിക് വിജയം തേടിയാണു തേജസ്വി യാദവ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും തോൽപിച്ച സതീഷ് കുമാർ യാദവാണു ഇത്തവണയും എതിരാളി. ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ആർജെഡിയുടെ അരുൺ കുമാർ സാഹയുമാണു താരാപുരിൽ ഏറ്റുമുട്ടുന്നത്.















































