ലക്നൌ: ഫോളോവേഴ്സിനെ കൂട്ടാനായി ഇൻസ്റ്റഗ്രാമിൽ ഹിന്ദു ദൈവങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ നടപടി. യുപിയിലാണ് സംഭവം. പെൺകുട്ടിയെ തടങ്കൽ ഭവനത്തിലേക്ക് അയക്കുകയും കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒക്ടോബർ 27 ന് പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഹിന്ദു ദൈവങ്ങൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തുന്നത് കാണാം. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി, നിരവധി ഉപയോക്താക്കൾ ഇതിനെതിരെ പ്രതിഷേധിക്കുകയും പോലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നിരവധി ഹിന്ദു സംഘടനകൾ പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ പ്രതിഷേധം നടത്തുകയും അവർക്കെതിരെ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ, പെൺകുട്ടിയെ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച പോലീസ്, വീഡിയോയെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചതിനാൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കൂടാതെ, നിലവിൽ ഒളിവിൽ കഴിയുന്ന മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പോലീസിനോട് കുറ്റസമ്മതം നടത്തി തന്റെ പ്രവൃത്തികൾക്ക് ക്ഷമ ചോദിക്കുന്ന കൗമാരക്കാരിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.


















































