മുംബൈ: അത്യന്തം ആവേശം നിറഞ്ഞ വനിതാ ലോകകപ്പ് കിരീടം ഇന്ത്യയുടെ പെൺകരുത്ത് തൂക്കി. കന്നി കിരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങിയ മത്സരത്തിൽ 52 റൺസിനാണ് ഇന്ത്യൻ ജയം. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ സെഞ്ചുറിയിൽ കളി കൈവിട്ടുപോകുമെന്ന് കരുതിയെങ്കിലും ദീപ്തി ശർമ അമൻജോത് കൗറിന്റെ കൈകളിലെത്തിച്ച് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകുകയായിരുന്നു. 45.3 ഓവറിൽ 246 റൺസെടുക്കതിനിടെ എല്ലാവരേയും കൂടാരം കയറ്റിയതോടെ വനിതാ ലോകകപ്പ് എന്ന കന്നി കിരീടം ഇന്ത്യൻ പെൺപട തൂക്കി.
ടോസ് നേടി ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 298 റൺസിൽ നെടുംതൂണായത് പകരക്കാരിയായി ഇറങ്ങിയ ഷഫാലി വര്‍മയാണ്. സെഞ്ചുറിക്ക് 13 റൺസ് അകലെ ഷഫാലി വീണെങ്കിലും ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ ആ ഇന്നിങ്സിനു കഴിഞ്ഞു. അവിടം കൊണ്ടും തീർന്നില്ല. രണ്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി. 31 പന്തിൽ 25 റൺസെടുത്ത സുനെ ലൂസിന്റേയും 4 റൺസെടുത്ത മരിസാൻ കാപ്പിന്റേയും വിക്കറ്റുകളാണ് ഷഫാലി സ്വന്തമാക്കിയത്. 35 പന്തിൽ 23 റൺസെടുത്ത ടാസ്മിൻ ബ്രിട്ട്സിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ബ്രിട്ട്സിനെ അമൻജോത് കൗർ റണ്ണൗട്ടാക്കുകയായിരുന്നു. പിന്നാലെ റൺസൊന്നുമെടുക്കുന്നതിനു മുൻപേ അനെകെ ബോഷിനെ ശ്രീ ചരണി എൽബിഡബ്ല്യുവിൽ കുരുക്കി. 29 പന്തിൽ 16 റൺസെടുത്ത സിനാലോ ജഫ്തയുടെ വിക്കറ്റ് ദീപ്തി ശർമയും സ്വന്തമാക്കി.
















































