തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കൺവീനറായിക്കൊണ്ട് കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ മുരളീധരൻ, വി എം സുധീരൻ, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് 17 അംഗങ്ങൾ.
ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. കഴിഞ്ഞ ദിവസം കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കം, പ്രചാരണം, സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ കോർകമ്മിറ്റി കൂടിയാലോചനകൾ നടത്തും. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. ഇതേ യോഗത്തിൽ തെരഞ്ഞെടുപ്പ് നേരിടാൻ കെപിസിസി തയ്യാറാക്കിയ പ്ലാനും ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കുകയുണ്ടായി.
അതേസമയം കോർ കമ്മിറ്റി ആഴ്ച്ചതോറും യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങളെടുക്കും. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിൽ കൂടിയാണ് കോർകമ്മിറ്റി രൂപീകരിച്ച് ചുമതല ഏൽപ്പിച്ചത്. കെപിസിസി പ്രസിഡന്റിനും മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർക്കും പുറമെ ഇക്കഴിഞ്ഞ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു.

















































