കൊച്ചി: പറവൂരിൽ മദ്യപാനിയായ ഭർത്താവ് ഭാര്യയെ മർദിച്ചും ഇരുമ്പുകമ്പികൊണ്ട് അടിച്ചും കൊലപ്പെടുത്തി. വെടിമറ തോപ്പിൽപറമ്പിൽ ഉണ്ണിക്കൃഷ്‌ണന്റെ (65) മർദനമേറ്റ് ഭാര്യ കോമളം (58) ആണ് മരിച്ചത്. സംഭവത്തിനു പിന്നാലെ ഓടി രക്ഷപെടാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്‌റ്റ് ചെയ്തു. ഉണ്ണികൃഷ്ണന്റെ മർദനമേറ്റ ഇവരുടെ മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിരം മദ്യപാനിയായ ഉണ്ണിക്കൃഷ്ണൻ വീട്ടിൽ പതിവായി വഴക്കുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. മകന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ ഉണ്ണിക്കൃഷ്ണനെ മുൻപ് അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്തിട്ടുണ്ടെന്ന് മുനമ്പം ഡിവൈഎസ്‌പി എസ്.ജയകൃഷ്‌ണൻ പറഞ്ഞു.
ഇന്നലെ വൈകിട്ട് 3 മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ ഉണ്ണിക്കൃഷ്‌ണൻ ഭാര്യയുമായി വഴക്കുണ്ടാക്കുകയും തലയിൽ ശക്തിയായി അടിക്കുകയുമായിരുന്നു. അടിയേറ്റു വീണ കോമളത്തെ ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ഇരുമ്പുവടി ഉപയോഗിച്ചാണ് ഉണ്ണിക്കൃഷ്‌ണൻ കോമളത്തെ അടിച്ചതെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇരുമ്പുവടി കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ രക്തപ്പാടുകളുള്ള വിറകിന്റെ കഷ്‌ണം വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോലീസിനെ കണ്ടു വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. ഇൻക്വസ്‌റ്റ് നടപടികൾക്കു ശേഷം കോമളത്തിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.
















































